ചേർത്തലയിൽ നേതൃത്വം ഇടപെടുന്നു; നടപടി പ്രദ്യോദിൽ ഒതുങ്ങിയേക്കില്ല
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർത്തലയിലുണ്ടായ പിഴവ് സി.പി.ഐ സംസ്ഥാന നേതൃത്വം വിശദമായി പഠിക്കും. സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ പി. പ്രസാദ് മത്സരിച്ചിടത്ത് പഴുതടച്ച പ്രവർത്തനമാണ് പാർട്ടിയും മുന്നണിയും ആസൂത്രണം ചെയ്തത്. എന്നാൽ, അലംഭാവം ചൂണ്ടിക്കാട്ടിയ ലോക്കൽ കമ്മിറ്റി റിപ്പോർട്ടിെൻറ വെളിച്ചത്തിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമെൻറ അഡീ. പ്രൈവറ്റ് സെക്രട്ടറി പ്രദ്യോദിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടി വന്നു. ഇതോടെയാണ് വിഭാഗീയ പ്രവർത്തനമുണ്ടായോ എന്നതടക്കം കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാന നേതൃത്വത്തിെൻറ നീക്കം.
തെരഞ്ഞെടുപ്പ് ദിനത്തിലടക്കം സജീവമായില്ലെന്നും പാർട്ടിയുടെ അന്തസ്സിന് ചേരാത്തവിധം പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടി ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഇത് സംസ്ഥാന തലത്തിൽ ചർച്ചയാകുകയും സി.പി.െഎയിലെ മറ്റ് പലർക്കുെമതിരെ ഇത്തരം ആരോപണം ഉയർന്നുവരികയും ചെയ്തതോടെയാണ് ഇടെപടൽ.
സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ സ്ഥാനാർഥി പി. പ്രസാദ് ചേർത്തലയിൽ വിജയിക്കുമെന്ന് തന്നെയാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ, ഉറപ്പുള്ള മണ്ഡലം പ്രസാദിനായി നീക്കിവെച്ചിട്ടും പ്രവർത്തന വീഴ്ചയുടെ പേരിൽ എന്തെങ്കിലും സംഭവിക്കുന്നത് പാർട്ടിക്ക് താങ്ങാനാവില്ല. ഈ സാഹചര്യത്തിലാണ് ഗൗരവമായ സമീപനം. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ തന്നെ ഒരുവിഭാഗം വിഭാഗീയ നീക്കം നടത്തിയെന്ന പരാതികൾ നേതൃത്വത്തിെൻറ പക്കലുണ്ട്. ഇതോടെ സ്ഥാനാർഥി നിർണയം മുതലുള്ള ചർച്ചകൾ അന്വേഷിക്കുമെന്നാണ് വിവരം. മന്ത്രി തിലോത്തമനെ മാറ്റിയാണ് പ്രസാദിന് ഇവിടെ സീറ്റ് നൽകിയത്.
തെരഞ്ഞെടുപ്പ് പ്രവർത്തനം പലഘട്ടത്തിലും സംസ്ഥാന നേതൃത്വം നേരിട്ട് വിലയിരുത്തിയിരുന്നു. ആഘട്ടത്തിൽ തന്നെ ചിലർക്കെതിരായ വിമർശനം ചർച്ചയായി. അത്തരം വിമർശം ഉയർത്തിയവരുടെ നിലപാട് ശരിവെക്കുന്നതാണ് മന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ഇപ്പോഴത്തെ നടപടി.
അതേസമയം നടപടിക്കായി പാർട്ടി ലോക്കൽ കമ്മിറ്റി ചേർന്നത് ചട്ടപ്രകാരമല്ലെന്ന വിമർശം മറ്റൊരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. മണ്ഡലം കമ്മിറ്റിയും എക്സിക്യൂട്ടീവും അറിയാതെയാണ് ലോക്കൽ കമ്മിറ്റി വിളിച്ചതെന്നും തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് ഇത്തരത്തിൽ തിരക്കിട്ട് നടപടിയെടുത്തത് തെറ്റാണെന്നുമാണ് ഇവരുടെ വാദം. ശക്തമായ മത്സരം നടന്ന ചേർത്തലയിൽ അട്ടിമറി നടന്നാൽ മന്ത്രി അടക്കമുള്ളവർ മറുപടി പറയേണ്ടിവരുമെന്നത് മറ്റൊരു പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.