കവിതസമാഹാരം കോവിഡ് ബാധിച്ച് മരിച്ചവർക്ക് സമർപ്പിച്ച് ലീല രാമചന്ദ്രൻ
text_fieldsചേർത്തല: വർണച്ചിറകുള്ള ശലഭങ്ങളായും ആത്മരോഷത്തിെൻറ അഗ്നിനാമ്പുകളായും കവിതകൾ മാറാറുണ്ട്. എന്നാൽ, രണ്ടുവർഷമായി എഴുതിക്കൂട്ടിയ കവിത സമാഹാരം കോവിഡ് ബാധിച്ച് മരിച്ചവർക്കായി സമർപ്പിച്ചത് ആത്മാർപ്പണത്തിെൻറ മറ്റൊരു മുഖമായി. നഗരസഭ 35ാം വാർഡിൽ ശ്രീരാഗത്തിൽ ലീല രാമചന്ദ്രൻ (64) എന്ന കവയിത്രിയുടെ 26 കവിതകളുടെ സമാഹാരമായ 'നയാഗ്ര'യാണ് കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് വേറിട്ടതാകുന്നത്.
കോവിഡിനെക്കുറിച്ച കവിത മുതൽ ലോകാദ്ഭുതങ്ങളിലൊന്നായ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടംവരെ ഇതിൽ പരാമർശിക്കുന്നുണ്ട്. നയാഗ്ര നേരിൽകണ്ട് അതേപടി കവിതയാക്കിയ സമാഹാരം പുറത്തിറക്കിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. അമേരിക്കയിലെ സന്ദർശനത്തിന് ശേഷമായിരുന്നു കോവിഡ് വ്യാപനം. 2019ലായിരുന്നു ലീലക്ക് മക്കളോടപ്പം അമേരിക്ക സന്ദർശിക്കാൻ അവസരം ലഭിച്ചത്. ആകാശംമുട്ടെയുള്ള നയാഗ്ര വെള്ളച്ചാട്ടം നേരിട്ട് കണ്ടപ്പോൾതന്നെ കവിതകളായി. വായനക്കാരിൽ നയാഗ്ര നേരിട്ട് കാണുന്ന അനുഭവമായി ഇത് മാറി. അമേരിക്കയെ വിറപ്പിച്ച വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിൽ മരിച്ചവർക്ക് കുടുംബാംഗങ്ങൾ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതും ലീലക്ക് കാണേണ്ടിവന്നു. മനസ്സിനെ പിടിച്ചുലച്ച ആ കാഴ്ചയും പിന്നീട് കവിതകളായി. 'നയാഗ്ര' സമാഹരത്തിലെ ചില കവിതകൾ നാടക- സിനിമ സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് സംഗീതം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.
ചേർത്തല തിരുനല്ലൂർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന ലീല 1992ൽ ആലപ്പുഴയിൽ സഹകരണ കോൺഗ്രസിലേക്കും ഗാനമെഴുതിട്ടുണ്ട്. 2018ൽ പുറത്തിറക്കിയ വർണവസന്തം കവിതസമാഹാരത്തിൽ ഡോ. പള്ളിപ്പുറം മുരളിയാണ് അവതാരികയെഴുതിയത്. കടൽ എന്ന കവിത സമാഹാരം ഉടൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഭർത്താവ്: പരേതനായ രാമചന്ദ്രൻ. മക്കൾ: ഡോ. സുജിത്ത് ആർ. പിള്ള (ന്യൂസിലൻഡ്), അജിത് ആർ. പിള്ള (അമേരിക്ക).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.