ചേർത്തല താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ കോൺസൻട്രേറ്റർ പ്ലാന്റ് പൂട്ടി
text_fieldsചേർത്തല: കോടികൾ മുടക്കി ചേർത്തല താലൂക്ക് ആശുപത്രിയിൽ നിർമിച്ച ഓക്സിജൻ കോൺസൻട്രേറ്റർ പ്ലാന്റ് അടച്ചുപൂട്ടി. നിർമാണം പൂർത്തിയാക്കിയിട്ടും വേണ്ട രീതിയിൽ ഉപയോഗപ്പെടാതിരുന്നതോടെയാണ് പൂട്ടുവീണത്. 2021ൽ കോവിഡ് പടർന്ന് പിടിച്ചപ്പോൾ ഓക്സിജന്റെ ഉപയോഗം വർധിച്ചതോടെ താലൂക്ക് ആശുപത്രിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഓക്സിജൻ കോൺസൻട്രേറ്റർ പ്ലാന്റ് സ്ഥാപിച്ചത്.
ഒമ്പത് മീറ്റർ നീളത്തിലും ഏഴര മീറ്റർ വീതിയിലുമായി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് സമീപമാണ് പ്ലാന്റ് സ്ഥാപിച്ചത്. 1.25 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് വന്നത്. ജില്ലയുടെ വിവിധ ആശുപത്രികളിലേക്ക് ഇവിടെനിന്ന് ഓക്സിജൻ വിതരണം ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ ഓക്സിജൻ ഉൽപാദിപ്പിച്ചെങ്കിലും പിന്നീട് നിർത്തി. അന്തരീക്ഷത്തിൽനിന്ന് നേരിട്ട് ഓക്സിജൻ ആഗിരണം ചെയ്ത് കോൺസൻട്രേറ്ററിൽ ശേഖരിച്ച് പ്രത്യേക സിലിണ്ടറുകളിലാക്കി രോഗികൾക്ക് വിതരണം ചെയ്യുന്ന സംവിധാനമായിരുന്നു ഇത്.
150ലധികം കിടക്കകളുള്ള ജില്ലയിലെ തന്നെ പ്രധാന ആശുപത്രിയായതിനാലാണ് ഓക്സിജൻ കോൺസൻട്രേറ്റർ പ്ലാന്റ് ഇവിടെ സ്ഥാപിച്ചത്. ഒരു രോഗിക്ക് ഒരു സിലിണ്ടർ എന്ന കണക്കിലാണ് ആശുപത്രിയിലെ കോവിഡ് ബാധിതർക്ക് അന്ന് ഓക്സിജൻ വിതരണം ചെയ്തത്. എന്നാൽ, പിന്നീട് പ്ലാന്റിന്റെ ഉൽപാദനം നിർത്തുകയും മറ്റ് ഏജൻസികളിൽനിന്നും ഓക്സിജൻ ആശുപത്രിയിലേക്ക് എത്തിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ഇവിടെ ഓക്സിജൻ ഉൽപാദിപ്പിച്ചിരുന്നെങ്കിൽ താലൂക്കിലെ ഇരുപതോളം പി.എച്ച്.സികളിലുൾപ്പെടെ വിതരണം ചെയ്യാമായിരുന്ന സംവിധാനം അധികൃതർ ഇല്ലാതാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.