കേരള ബാങ്ക് ശാഖകളിലെ പണയ സ്വർണം തിരിമറി പൊലീസ് അന്വേഷണം തുടങ്ങി
text_fieldsചേര്‍ത്തല: കേരള ബാങ്കിന്റെ വിവിധ ശാഖകളിൽനിന്ന് പണയസ്വർണം തിരിമറി നടത്തിയതിൽ പൊലീസ് അന്വേഷണം തുടങ്ങി. തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ ഏരിയ മാനേജര്‍ മീരാമാത്യുവിനെ തേടി വീടുകളിലും മറ്റ് ഇടങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ സ്റ്റേഷന് ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച ഓരോ സംഘവും അതതു പരിധിയിലെ കേരള ബാങ്ക് ശാഖ മാനേജര്‍മാരുടെ മൊഴിയെടുത്തു. നിലവിൽ നാലുശാഖകളിലെ മാനേജര്‍മാരാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയത്.
നേരത്തേ ബാങ്കുതലത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് മീരാമാത്യുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പ്രതിയാക്കിയാണ് പൊലീസ് മൂന്നു സ്റ്റേഷനിലായി നാലുകേസെടുത്തത്. ചേര്‍ത്തലയിലെ നടക്കാവ് ശാഖ, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തെ പ്രധാന ശാഖ, പട്ടണക്കാട്, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. ബാങ്കില്‍ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ പരിശോധിക്കുന്നതിന്റെ ചുമതല ഏരിയ മാനേജര്‍ക്കായിരുന്നു. ഇത്തരത്തില്‍ പരിശോധനക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് ശാഖ മാനേജര്‍മാരുടെ പരാതി. ബാങ്ക് അന്വേഷണത്തില്‍ ഇത് കണ്ടെത്തിയാണത്രേ നടപടിയെടുത്തത്.
മീരാമാത്യു തിങ്കളാഴ്ച ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്കി. നാലു കേസിലും വ്യത്യസ്തമായാണ് ചേര്‍ത്തലയിലെ അഭിഭാഷകനായ എം.എം. നിയാസ് വഴി ഹരജി നല്‍കിയത്. ബുധനാഴ്ച കോടതി ഹരജി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.