രാമച്ചവും പൂക്കളും നിറച്ച ചിതയിൽ ഡാനി എരിഞ്ഞടങ്ങി; ഇത് വളർത്തുനായയുമായുള്ള സ്നേഹത്തിെൻറ കഥ
text_fieldsചേർത്തല: ചന്ദനവും നെയ്യും രാമച്ചവും കർപ്പൂരവും ചന്ദനത്തിരിയും ഒപ്പം നിറവും മണവുമുള്ള പൂക്കളും നിറച്ച ചിതയിൽ ഡാനി രാജകീയമായി എരിഞ്ഞടങ്ങി. നിറമിഴികളോടെ ഡാനിക്ക് യാത്രാമൊഴി ചൊല്ലിയ കുടുംബത്തിന് സഹായികളായി നാട്ടുകാരും കൂടെ ചേർന്നു. ഡാനിയെന്ന വളർത്തുനായ്ക്കായിരുന്നു ആചാരപ്രകാരം ചിതയൊരുക്കി സംസ്കാരം. മാടക്കൽ ചങ്ങടംകരിയിൽ വാടകയ്ക്ക് താമസിക്കുന്ന രമ പൈയും ഭർത്താവ് വിനോദും കുടുംബവുമാണ് ഉറ്റ മിത്രമായിരുന്ന വളർത്തു നായയെ ആചാരപ്രകാരം സംസ്കരിച്ചത്. പുനെയിൽ ഉദ്യോഗസ്ഥരായിരുന്ന കുടുംബം ഏഴുമാസം മുമ്പാണ് ചേർത്തലയിലെത്തിയത്. 13 വർഷമായി ഇവർക്കൊപ്പമുളള ഡാനി ഒരു വർഷമായി പൂർണമായും കിടപ്പിലായി.
വീട്ടിൽ കിടക്കയൊരുക്കിയാണ് സംരക്ഷിച്ചത്. മരണസമയത്ത് ഭാഗവതം വായിച്ചുകേൾപ്പിച്ചു. സസ്യാഹാരം മാത്രം കഴിക്കുന്ന കുടുംബത്തിൽ അതേ രീതിയിൽ തന്നെയായിരുന്നു ഡാനിയും. ഇടക്ക് മുട്ട മാത്രമായിരുന്നു പ്രത്യേക ഭക്ഷണം. ഏകാദശി വ്രതം എടുത്തുപോലും നായ് കുടുംബത്തിന്റെ ഭാഗമായിരുന്നു. ഇതുവരെ ചങ്ങല ഉപയോഗിച്ചിട്ടില്ല. ശനിയാഴ്ച രാത്രിയാണ് ചത്തത്. ഇവർ വീടുവെക്കാൻ വാങ്ങിയ സ്ഥലത്താണ് പ്രത്യേകം ചിതയൊരുക്കിയത്. മകൻ വരുൺ ആചാരപ്രകാരം ചിതക്കുതീകൊളുത്തി. ഫെബ്രുവരി 10ന് 13ാം ദിനത്തിൽ അസ്ഥി ആലുവാപുഴയിലൊഴുക്കും. പുതുതായി നിർമിക്കുന്ന വീടിനൊപ്പം ഡാനിക്ക് സ്മാരകവും നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.