ശ്രീനാരായണഗുരു തുടക്കമിട്ട സ്കൂളിന് അവഗണന; പൊട്ടിപ്പൊളിഞ്ഞ് കെട്ടിടം
text_fieldsചേർത്തല: ഒന്നേകാൽ നൂറ്റാണ്ടിെൻറ ചരിത്രമുള്ള ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി അവഗണനയിൽ. സ്കൂളിലെ പല ക്ലാസ്മുറികളും പഴകി അപകടാവസ്ഥയിലാണ്. സ്കൂളിെൻറ ചരിത്രത്തിനൊപ്പം പഴക്കമുള്ളതാണ് പല ക്ലാസ്മുറികളും. നഗരഹൃദയത്തിൽ അഞ്ചേക്കറോളം സ്ഥലമുള്ള സ്കൂൾ പുതിയ ക്ലാസ്മുറികൾക്ക് കാത്തിരിപ്പ് തുടരുകയാണ്.
124 വർഷം മുമ്പാണ് വിദ്യാലയം സ്ഥാപിതമായത്. മുക്കോട്ടുചിറ അയ്യപ്പൻ എന്ന പൗരപ്രമാണി ശ്രീനാരായണഗുരുവിന് ആശ്രമം പണിയാൻ നൽകിയ 60 സെൻറ് ഭൂമിയിലുൾപ്പെട്ടതാണ് സ്കൂൾ. ഇവിടെ ആശ്രമമല്ല, പാഠശാലയാണ് വേണ്ടതെന്ന ഗുരുവിെൻറ നിർദേശപ്രകാരം തുടങ്ങിയതാണ് സ്കൂൾ. ഗുരുവിെൻറ സ്മരണ പുതുക്കുന്ന ചടങ്ങുകൾ ഇവിടെ ഔദ്യോഗികമായിതന്നെ നടത്തുന്നുണ്ട്.
മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി, കേന്ദ്ര-സംസ്ഥാന തലത്തിൽ മന്ത്രിപദം അലങ്കരിച്ച വയലാർ രവി എന്നിവർ പഠിച്ചതും ഈ സ്കൂളിലാണ്.
സ്കൂളിന് കെട്ടിടങ്ങളുണ്ടെങ്കിലും പലതും സുരക്ഷിതമല്ല. സ്കൂളുകൾ പലതും ഹൈടെക്കായി മാറുേമ്പാഴും ഇവിടെയെല്ലാം പഴയപടിയാണ്. അധ്യാപകർക്കടക്കം വേണ്ട സൗകര്യങ്ങൾ ഇവിടെയില്ല. സ്കൂൾമൈതാനം ഇഴജന്തുക്കളുടെ കേന്ദ്രമാണ്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എഴുനൂറ്റമ്പതോളം കുട്ടികളാണ് പഠിക്കുന്നത്.
12 ക്ലാസ്മുറികൾ മാത്രമാണ് ഉപയോഗയോഗ്യമായുള്ളത്. എ.കെ. ആൻറണി എം.പിയുടെ ഫണ്ടുപയോഗിച്ച് പണിത കെട്ടിടം നിർമാണത്തിലെ അശാസ്ത്രീയത കാരണം മഴപെയ്താൽ ക്ലാസ്മുറികളിൽ വെള്ളംനിറയുന്ന സ്ഥിതിയിലാണ്. പരിമിതികൾക്കിടയിലും തുടർച്ചയായി ആറാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100ശതമാനം വിജയംനേടാൻ സാധിച്ചു. അധ്യാപികമാർക്കടക്കം ശൗചാലയസൗകര്യമില്ല.
കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മൈതാനം സംരക്ഷിച്ച് മിനി സ്റ്റേഡിയം ഉൾപ്പെടെ നിർമിക്കുന്നതിന് പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. നവീകരണത്തിന് കിഫ്ബി വഴി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അനുകൂല നടപടി ഉണ്ടാകുമെന്നുമാണ് നഗരസഭ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.