നേതൃത്വത്തിലെത്താൻ ചിലർ എളുപ്പവഴികൾ കണ്ടുപിടിച്ചു -വി.ഡി. സതീശൻ
text_fieldsചേർത്തല: കോൺഗ്രസിൽ പ്രവർത്തനം നടത്താതെ നേതൃനിരയിലേക്ക് എത്താൻ ചിലർ എളുപ്പ വഴികൾ കണ്ടുപിടിച്ചതായും കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ പോയവർ പിറകിലായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. ശതീശൻ. കെ.എൻ സെയ്തുമുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവായിരുന്ന കെ.എൻ. സെയ്ത് മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വോട്ട് കുറഞ്ഞത് താഴെ തട്ടിൽ പ്രവർത്തനം ഇല്ലായിരുന്നത് കൊണ്ടാണ്. പ്രവർത്തകരിൽ അധ്വാനിക്കുന്നവരും അധ്വാനിക്കാത്തവരും ഉണ്ട്. അവരെ നേതൃത്വം ഒരേ തുലാസിലാണ് കണ്ടത്. എല്ലാവർക്കും അവസരങ്ങൾ ഉണ്ട്. കോൺഗ്രസിൽ നന്നായി പ്രവർത്തിക്കുന്നവർക്ക് അവസരം ഉറപ്പ് വരുത്തുകയാണ് നേതൃത്വം ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.
പ്രസിഡന്റ് കെ.ജെ സണ്ണി അധ്യക്ഷത വഹിച്ചു. വയലാർ രവി ചികിത്സാ സഹായം വിതരണം ചെയ്തു. സെക്രട്ടറി ടി.വി. ഉദയകരൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ഡി. സുഗതൻ, രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹൻ, കെ.പി.സി.സി സെക്രട്ടറിമാരായ എസ്. ശരത്, ബി. ബൈജു, ഐസക് മാടവന, കെ.ആർ. രാജേന്ദ്രപ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി ശങ്കർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.ഉണ്ണികൃഷ്ണൻ, വി.എൻ. അജയൻ, എം.ആർ. രവി, കെ.എം. ഹബീബ് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.