ലൈഫ് ഭവനപദ്ധതി ഗുണഭോക്താവിന്റെ ആത്മഹത്യ; വി.ഇ.ഒമാരെ ചോദ്യംചെയ്തു
text_fieldsചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതായി പൊലീസിനു സൂചന ലഭിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് മേനാശ്ശേരി ചൂപ്രത്ത് സിദ്ധാർഥനാ(74)ണ് കഴിഞ്ഞ ദിവസം വീട്ടിലെ താല്‍ക്കാലിക ഷെഡില്‍ തൂങ്ങിമരിച്ചത്. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപെട്ട രണ്ട് ഉദ്യോഗസ്ഥരുടെ മാനസിക പീഢനത്തെ തുടര്‍ന്നാണ് അത്മഹത്യയെന്നുകാട്ടി ഭാര്യ ജഗദമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലും ഉദ്യോഗസ്ഥരുടെ നിലപാട് മനോവേദനയുണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു.ആരോപണ വിധേയരായ വി.ഇ.ഒ മാരെ ചൊവ്വാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരെയും ഒറ്റക്കും ഒന്നിച്ചിരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. ലൈഫ് പദ്ധതിയുടെ രേഖകള്‍ പരിശോധിച്ചായിരുന്നു നടപടി.
പദ്ധതിക്കു കാലതാമസമുണ്ടാക്കുന്ന നടപടികളൊന്നും കണ്ടെത്താനായിട്ടല്ലെന്നാണ് സൂചന. എന്നാല്‍ പഞ്ചായത്തുമായി കരാറിലേര്‍പെടുകയും നിർമാണം തുടങ്ങാന്‍ തയ്യാറെണെന്നറിയിച്ചിട്ടും അനുമതി നല്കാതിരുന്നതില് വ്യക്തതയുണ്ടായിട്ടില്ല. ഓണത്തിനുതൊട്ടു മുമ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തിയ സിദ്ധാർഥനോടും ഭാര്യയോടും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി സൂചന ലഭിച്ചിട്ടുണ്ട്. മരിച്ച സിദ്ധാർഥന്റെ ഭാര്യ നല്കിയ പരാതിയിലും ഇക്കാര്യം പറഞ്ഞിരുന്നു.
മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാകുമോ എന്നകാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയേക്കും. ചൊവ്വാഴ്ച വൈകിട്ടുവരെ പൊലീസ് ഇരുവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പരാതിക്കാരിയില്‍ നിന്നും സിദ്ധാർഥന്റെ വീടിനു സമീപത്തുള്ളവരില്‍ നിന്നും പൊലീസ് ചൊവ്വാഴ്ച മൊഴിയെടുത്തു. രേഖകളും മൊഴികളും പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു. പട്ടണക്കാട് സ്റ്റേഷന് ഓഫിസര്‍ കെ.എസ്. ജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.