ചരിത്രമുണ്ട് ടി.ബി ബോട്ടുജെട്ടിക്ക്; സിനിമയുടെ താളവും പാട്ടും
text_fieldsചേർത്തല: രാജവാഴ്ച കാലത്ത് ചരക്ക് കയറ്റിറക്കത്തിനായി നിർമിച്ചതാണ് ചേർത്തല ടി.ബി ബോട്ട് ജെട്ടി. ഒരു കാലത്ത് ജില്ലയിലെ കയർ, കൊപ്ര വ്യവസായം പച്ചപിടിച്ച് നിന്നിരുന്നതിെൻറ പ്രധാനയിടംകൂടിയാണിത്. ആലപ്പുഴ -എറണാകുളം, കോട്ടയം ജില്ലകളിലേക്ക് ഇവിടെ നിന്നാണ് കെട്ടുവള്ളത്തിൽ കച്ചവടത്തിനായി ഉൽപന്നങ്ങൾ കൊണ്ടുപോയിരുന്നത്.
അനവധി മലയാള സിനിമകളുടെ ചരിത്രവും ജെട്ടിക്ക് പറയാനുണ്ട്. സംവിധായകനും നിർമാതാവുമായ കുഞ്ചാക്കോയുടെ നിരവധി ചിത്രങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. ചലച്ചിത്ര താരങ്ങളായ പ്രേംനസീർ, ജയഭാരതി, ഷീല എന്നിവരുടെ പല ചിത്രങ്ങളും ഇവിടെയാണ് ജന്മം എടുത്തത്. പ്രേംനസീർ ചിത്രമായ ചീനവലയിൽ വയലാർ രാമവർമ, എം.കെ. അർജുനൻ, കെ.ജെ. യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ഗാനമായ 'തളിർവലയോ താമരവലയോ താലിപ്പൊൻവലയോ നിൻ..... എന്ന പാട്ടിെൻറ ചിത്രീകരണവും ഇവിടെയായിരുന്നു. റോഡുകളെ വ്യവസായ മേഖല ആശ്രയിക്കാൻ തുടങ്ങിയതോടെ ജലഗതാഗതം പാടെ ഉപേക്ഷിച്ചപ്പോൾ ടി.ബി കനാലിെൻറ കഷ്ടതയും തുടങ്ങി. എങ്കിലും 2017-18 വർഷത്തെ എം.എൽ.എ പ്രാദേശികവികസന ഫണ്ടിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് ടി.ബി ജെട്ടി സൗന്ദര്യവത്കരിച്ചതോടെ ഉണർവ് കൈവന്നു. പിന്നീട് കനാൽ ആഴം കൂട്ടി വൃത്തിയാക്കി. കായലോരത്തെ കൽക്കെട്ടുകൾ സംരക്ഷിക്കുകയും ടൈയിലുകൾ പാകുകയും ചെയ്തു. വശങ്ങളിൽ ചാരുെബഞ്ചുകളും സ്ഥാപിച്ചു. രാത്രി വെളിച്ചത്തിന് തെരുവുവിളക്കുകൾ സ്ഥാപിച്ചു. ടൂറിസം മേഖലയെ തൊട്ടുണർത്താനായി മൂന്ന് പെടൽ ബോട്ടുകൾ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
വൈകുന്നേരങ്ങളിൽ കുടുംബസമേതം ഇവിടെയിരുന്ന് കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇപ്പോഴും നിരവധിപേർ എത്താറുണ്ട്. എന്നാൽ, വരുന്ന ആളുകൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലിലേക്ക് വലിച്ചെറിയുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കായലിൽനിന്ന് 100 മീറ്ററോളം തെക്കോട്ട് മാറി നീളത്തിലാണ് ബോട്ടുജെട്ടിയുള്ളത്. അതുകൊണ്ട് മൂന്ന് വശവും അടഞ്ഞ ബോട്ട് ജെട്ടിയിൽ എറിയുന്ന മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. പരിപാലിക്കാൻ ആളില്ലാത്തതിനാൽ പരിസരവും ശ്രദ്ധിക്കാറില്ല. പകൽ സമയത്ത് യാത്രക്കാർക്ക് വിശ്രമിക്കാൻ നഗരത്തിലുള്ള പ്രധാന സ്ഥലമാണിത്. കനാലോരം സംരക്ഷണം കുടുംബശ്രീ അടക്കമുള്ള ഏജൻസികളെ ഏൽപ്പിക്കണമെന്നും തെരുവ് വിളക്കുകൾ സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.