നാട് കൈകോർത്തു; 16കാരനായി സ്വരൂപിച്ചത് അരക്കോടിയിലേറെ
text_fieldsചേര്‍ത്തല: നാട് ഒന്നടങ്കം കൈ കോർത്തതോടെ 16കാരന് ജീവിതത്തിന് പ്രതീക്ഷയായി. ഇരുവൃക്കകളും തകരാറിലായ നഗരസഭ 11ാം വാര്‍ഡില്‍ സജി-ഷീബ ദമ്പതികളുടെ ഏക മകൻ സൻജിനുവേണ്ടിയാണ് 35 വാർഡുകളിൽ 156 സ്ക്വാഡുകളായി അഞ്ചുമണിക്കൂർകൊണ്ട് 52,50,702 രൂപ സ്വരൂപിച്ചത്. വർഷങ്ങളായി ഇരുവൃക്കകളും തകരാറിലായ സൻജിന് മാതാവ് ഷീബ വൃക്ക നല്കാന് സന്നദ്ധയായിരുന്നു.
എന്നാൽ, ശസ്ത്രക്രിയയും തുടര്ചികിത്സയുമടക്കമുള്ള ചെലവുകള്‍ നിർധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് നഗരസഭ നേതൃത്വത്തില്‍ നാട് കൈകോര്‍ത്തത്. ചങ്ങനാശ്ശേരി പ്രത്യാശ സഹകരണത്തില്‍ ജീവന്‍രക്ഷാ സമിതിക്ക് രൂപംനല്കി എല്ലാ വാര്‍ഡ്തലത്തിലും ജനകീയ സമിതികള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
156 സ്ക്വാഡുകളും ചേർത്തല ടൗൺഹാളിൽ എത്തിയ ശേഷമാണ് സ്വരൂപിച്ച തുക എണ്ണി തിട്ടപ്പെടുത്തിയത്. ചികിത്സക്ക് ആശുപത്രിക്ക് നേരിട്ട് പണം നൽകുമെന്ന് ചെയര്പേഴ്സൻ ഷേര്‍ളി ഭാര്ഗവന് പറഞ്ഞു. വാർഡ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും സൻജിന് ജീവൻരക്ഷക്കായി മുന്നിട്ടിറങ്ങി. വി.എച്ച്.എസ്.ഇയിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് സന്ജിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.