കടത്തുവള്ളം മുങ്ങി; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsചേര്‍ത്തല: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തർകയറിയ കടത്തുവള്ളം മുങ്ങി, പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വയലാർ തിരുനാഗംകുളങ്ങര ക്ഷേത്രത്തിൽനിന്ന് തൊഴുതുമടങ്ങിയ 14 പേർ കയറിയ വള്ളമാണ് പുഴയിൽ മുങ്ങിയത്. അപകടത്തിൽപെട്ട പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള 14പേരെയും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെടുത്തി.
അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ രണ്ടും ഒന്നും വയസ്സുള്ള കുട്ടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. വയലാര്‍ തിരുനാഗംകുളങ്ങര-പള്ളിപ്പുറം കടവില്‍നിന്ന് 300 മീറ്ററോളം അകലെ തിങ്കളാഴ്ച 11.30 ഓടെയായിരുന്നു അപകടം. പള്ളിപ്പുറം സ്വദേശികളാണ് അപകടത്തില്‍പെട്ടത്.
പള്ളിപ്പുറം പൊന്നേവെളിയില് മനുവിന്റെ മകന് മയൂഖ്(ഒന്ന്), പള്ളിപ്പുറം വെളിയില്‍ നിഥിന്റെ മകന് നിദാന് (രണ്ട്) എന്നിവരാണ് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലുള്ളത്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം.14ല്‍ 13പേരെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വള്ളക്കാരന് വയലാര്‍ ഉരുളിയാലത്ത് ആന്റണി (66) പ്രാഥമിക ചികിത്സക്കുശേഷം വീട്ടിലേക്കുമടങ്ങി.
വയലാര്‍ നാഗംകുളങ്ങര കടവില്‍നിന്ന് 300 മീറ്ററോളം പിന്നിട്ടപ്പോഴാണ് വള്ളംമറിഞ്ഞത്. യാത്രക്കിടയില്‍ തിരയും കാറ്റുമടിച്ചപ്പോള് വള്ളത്തിന്റെ മുന്‍ഭാഗത്തു ചെറിയതോതില്‍ വെള്ളം കയറി. ഇതുകണ്ടുഭയന്ന യാത്രക്കാര്‍ ഒന്നിച്ചെഴുന്നേറ്റതോടെയാണ് വള്ളം ഒരുവശത്തേക്കു മറിഞ്ഞതെന്ന് കടത്തുകാരന് ആന്റണി പറഞ്ഞു. അടിയൊഴുക്കും 12 അടിയോളം ആഴമുള്ളയിടത്തുമാണ് അപകടമുണ്ടായത്.
എല്ലാവരും കായലിലേക്കു വീഴുകയായിരുന്നു. പലരും വള്ളത്തിന്റെ ഭാഗങ്ങളില്‍ തന്നെ പിടിച്ചു തൂങ്ങിക്കിടന്നു. യാത്രക്കാരുടെ ബഹളം കേട്ടാണ് പ്രദേശവാസികള്‍ വള്ളങ്ങളുമായെത്തി ഓരോരുത്തരെയും രക്ഷിച്ചു കരക്കെത്തിച്ചത്. പൊലീസും അഗ്നിരക്ഷാസേനയും ഉടനെത്തി എല്ലാവരെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വള്ളക്കാരനും യാത്രക്കാരും നല്കിയ കണക്കുപ്രകാരം എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പിക്കുന്നതുവരെ കായലില്‍ തിരച്ചില്‍ നടത്തി. ഗ്രാമപഞ്ചായത്ത് കരാര്‍ പ്രകാരം ഏര്‍പെടുത്തിയ ലൈസന്‍സുള്ള വള്ളമാണ് അപകടത്തില്‍പെട്ടത്.
പള്ളിപ്പുറം കെ.ആര്.പുരം കോടാംപുറത്ത് രാധാകൃഷ്ണന് (50), ഭാര്യ ജ്യോതിലക്ഷ്മി (41), മകന് അവിനാഷ്(12), പള്ളിപ്പുറം 13ാം വാര്‍ഡ് പൊന്നേവെളിയില് മീഷ്മ(25), തിരുനല്ലൂര്വെളിയില് ഗോപിക(27) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പൊന്നാംവെളി പ്രമീളയെ (55) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ശാന്ത (59), ചെല്ലപ്പന് (72), സുനിത (47), നീതു (34), കൃഷ്ണേന്ദു (28) എന്നിവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി യുവാക്കളുടെ സംഘം
ചേര്‍ത്തല: ക്ഷേത്രത്തിൽ ഓടിക്കൂടിയ സ്ത്രീകൾ അടക്കമുള്ളവരുടെ നിലവിളികള്‍ നാടിനെ നടുക്കി. ഇതുകേട്ട ഉടൻ മൂന്നു വള്ളങ്ങള്‍ അപകടസ്ഥലത്തേക്കു കുതിച്ചു. വള്ളക്കാര്‍ക്കൊപ്പം പ്രദേശവാസികളായ ഏതാനും പേരുമുണ്ടായിരുന്നു. കടവിനോടു ചേര്‍ന്നു നീന്തല്‍ പരിശീലനം നടത്തി മടങ്ങിയ ടെറിന്‍ ജോണും മിഥുനും ക്രിസ്റ്റ് എബ്രഹാമും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളായി. മിഥുനും ക്രിസ്റ്റ് എബ്രഹാമും ചേര്‍ന്നാണ് രണ്ടു കുരുന്നുകളെയും വള്ളത്തില്‍ വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്കി കരയിലെത്തിച്ചത്. നീന്തിയെത്തിയ ടെറിന്‍ ഏതാനും പേരെ കരയിലെത്തിക്കുന്നതിനൊപ്പം മുങ്ങിയ സ്ഥലത്താകെ തിരയുന്നതിനും നേതൃത്വം നല്കി.
ഇവരുള്‍പ്പെടെ ഇടപെടലാണ് കായലില്‍ കുടുങ്ങിയവര്‍ക്കു ആശ്വാസമായത്. വയലാർ പള്ളിപ്പുറം നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇവിടെ ഒരു പാലം. പ്രദേശവാസികൾക്ക് ഏക ആശ്രയം കടത്തുമാത്രമാണ്. റോഡ് മാർഗം യാത്ര ചെയ്യണമെങ്കിൽ ചേർത്തല വഴി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരും. പള്ളിപ്പുറം ഇൻഫോ പാർക്ക് ഉൾപ്പെടെയുള്ള പ്രദേശത്തേക്ക് വയലാറിൽനിന്ന് എളുപ്പം എത്തുന്നതിന് പാലം പ്രയോജനപ്പെടും. കാലാവസ്ഥ അനുകൂലമായതാണ് വൻദുരന്തം ഒഴിവായതിനും രക്ഷാപ്രവർത്തനങ്ങൾക്ക് താമസം ഉണ്ടാകാതിരുന്നതിനും കാരണം. പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.