പൈതൃക പദ്ധതി കാടുകയറി; 28 വർഷമായിട്ടും പായ്ക്കപ്പൽ മ്യൂസിയം വന്നില്ല
text_fieldsചേർത്തല: തൈക്കലിൽ മണ്ണിനടിയിൽ നൂറ്റാണ്ടുകൾ പഴക്കമുളള പായ്ക്കപ്പൽ കണ്ടെത്തിയിടം ഇപ്പോഴും അനാഥമായി കാടുകയറിയ നിലയിൽ.
വിദേശത്ത് നിന്നടക്കം പുരാവസ്തു വിദഗ്ധർ പല രീതിയിൽ പരിശോധനകൾ നടത്തി 1010 വർഷം പഴക്കം നിർണയിച്ച സ്ഥലം പൈതൃക പദ്ധതിയിൽ പെടുത്തി സംരക്ഷിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
തൈക്കൽ കടപ്പുറത്തുനിന്ന് രണ്ട് കിലോമീറ്റർ കിഴക്ക് കടക്കരപ്പള്ളി വില്ലേജ് 222/22 B സർവേ നമ്പറിൽ പെട്ട സ്ഥലമായ അരങ്ങംപറമ്പ് തോട് 1994 ൽ വൃത്തിയാക്കുന്നതിനിടെ തൂമ്പ മരത്തടിയിൽ തട്ടുകയും കൂടുതൽ കുഴിച്ചപ്പോൾ പായ്ക്കപ്പൽ കണ്ടെത്തി 1998 ൽ കപ്പൽ കണ്ടെത്തിയ 1.10 സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് കോടികളുടെ ബൃഹത് പദ്ധതിയ്ക്ക് രൂപം നൽകി.
എന്നാൽ, പ്രധാന റോഡിൽനിന്ന് 20 മീറ്റർ അകലെ കപ്പൽ കണ്ടെത്തിയ സ്ഥലത്തേയ്ക്ക് പോകാൻ വഴിയില്ലാത്ത പ്രശ്നം പ്രതിസന്ധിയായി.
പായ്ക്കപ്പൽ ഖനനം ചെയ്ത് എടുക്കുന്നതിന് ആദ്യ ഘട്ടത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും പിന്നീട് നിലവിലെ അവസ്ഥയിൽ സംരക്ഷിക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തി വിദഗ്ധർ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂസിയമായി സംരക്ഷിക്കാൻ തീരുമാനിച്ചത്.
കപ്പലിൽനിന്ന് കണ്ടെത്തിയ പുരാവസ്തുക്കളെല്ലാം തൃപ്പൂണിത്തുറ ഹിൽ പാലസിൽ സൂക്ഷിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശമായതിനാൽ വെള്ളക്കെട്ടുള്ള ഈ സ്ഥലത്ത് കപ്പൽ കിടന്നതിന് ചുറ്റും വേലി കെട്ടി തിരിക്കുക മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്തത്.
സംരക്ഷണത്തിനായി ഒരു സെക്യൂരിറ്റിയെയും അന്ന് നിയമിച്ചു. ഇപ്പോൾ കാവൽക്കാരനുമില്ലാതെ അനാഥം. 1832 ൽ സ്റ്റാബാലിനി മെത്രാപ്പോലീത്ത തൈക്കൽ തുറമുഖത്തുനിന്ന് പായ്ക്കപ്പലിൽ റോമിൽ പോയതായി ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഡയറികുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തൈക്കൽ കണ്ടെത്തിയ പായ്ക്കപ്പലിന് ഈ സംഭവവുമായി ബന്ധമുള്ളതായി പഴമക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.