കോഴിഫാമിനെതിരെ പരാതി നൽകിയയാളുടെ വീട്ടുവളപ്പിലെ പ്രാർഥനാലയം അടിച്ചുതകർത്തു
text_fieldsചേർത്തല: കോഴിഫാമിനെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യം മൂലം പരാതി നൽകിയ ആളുടെ വീട്ടുവളപ്പിലെ പ്രാർഥനാലയം അടിച്ചു തകർത്തു. ആക്രമണം തടയാനെത്തിയ വീട്ടമ്മക്കും മരുമകൾക്കും തലക്ക് പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പറപ്പള്ളി വെളിയിൽ സുജിത്തിന്റെ ഭാര്യ മഞ്ചു (40), മാതാവ് പ്രശോഭ സുരേന്ദ്രൻ (64) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ: സുജിത്തിന്റെ വീട്ട് വളപ്പിലുള്ള വിഷ്ണുമായയുടെ വെച്ചാരാധനയിൽ ദുർമന്ത്രവാദം നടക്കുന്നുണ്ടെന്ന് കാട്ടിയാണ് അയൽവാസികളായ അഞ്ച് സഹോദരങ്ങൾ ആക്രമണം നടത്തിയത്.
എന്നാൽ, 2018 മുതൽ അയൽവാസി മട്ടുമ്മേൽ വെളി അനുരുദ്ധൻ വലിയ രീതിയിൽ കോഴിഫാം നടത്തുന്നതു മൂലം ഇവിടെ നിന്നും വലിയ രീതിയിൽ ദുർഗന്ധം വരുന്നതിന്റെ അടിസ്ഥാനത്തിൽ വഴക്ക് പതിവാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പും കോഴിഫാമിനെതിരെ അർത്തുങ്കൽ പൊലീസിൽ സുജിത്ത് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ആക്രമണം നടത്തിയതെന്ന് സുജിത്ത് പറഞ്ഞു.
വിട്ടുവളപ്പിൽ പ്രത്യേകം ക്രമീകരിച്ച വിഷ്ണുമായയുടെ വിഗ്രഹം ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഇരുവർക്കും തലക്ക് പരിക്കേറ്റത്. മഞ്ജുവിന്റെ നെറ്റിയിലെ ഞരമ്പിൽ ഉണ്ടായ പരിക്ക് സാരമുള്ളതാണെന്നും തുടർചികിത്സ വേണ്ടി വരുമെന്നും സുജിത്ത് പറഞ്ഞു. സഹോദരങ്ങളായ ഒന്നാംപ്രതി അനിരുദ്ധൻ, ഗിരീശൻ, ബിനീഷ്, അജീഷ്, അനീഷ് എന്നിവർക്കെതിരെ അർത്തുങ്കൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.