കേരളത്തിലെ ഏറ്റവും ഉയരമുള്ള സർപ്പ പ്രതിഷ്ഠ ചേർത്തലയിൽ ഒരുങ്ങുന്നു
text_fieldsചേർത്തല: സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മൂന്നുതല സർപ്പ പ്രതിഷ്ഠ ചേർത്തലയിൽ ഒരുങ്ങുന്നു. ചേർത്തല നഗരസഭ 23ാം വാർഡിൽ കുന്നുചിറയിൽ കെ.സി. ജയറാമാണ് തന്റെ കുടുംബക്ഷേത്രത്തിൽ നാഗയക്ഷി ശിൽപം പണികഴിപ്പിക്കുന്നത്. 12 അടി ഉയരവും 60 അടി നീളവുമുള്ള സർപ്പയക്ഷി ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന രീതിയിലാണ് നിർമിക്കുന്നത്. ശിൽപ നിർമാണം കാണാൻ നിരവധി പേരാണ് എത്തുന്നത്.
ജയറാമിന്റ കുടുംബവീടിന് സമീപമുള്ള കാവിലാണ് അഞ്ച് ഉപദേവതകളോടെ ക്ഷേത്രം നിർമിക്കുന്നത്. ശിൽപി കിഴക്കേ നാൽപത് കണ്ണംമ്പള്ളി വെളിയിൽ ഷാജിയുടെ നേതൃത്വത്തിലാണ് ശിൽപം പൂർത്തിയാവുന്നത്. മൂന്നുമാസം മുമ്പ് മൂന്ന് അടി ഉയരമുള്ള നാഗയക്ഷി ശിൽപം വേണമെന്നാവശ്യപ്പെട്ട് ജയറാം ഷാജിയെ സമീപിക്കുകയായിരുന്നു. എന്നാൽ, പിന്നീട് 12 അടി ഉയരത്തിൽ ചെയ്യാമെന്ന നിലയിൽ എത്തി. ആദ്യം ഇരുമ്പ് ചട്ടം തയാറാക്കി അതിൽ ഇരുമ്പ് വല പാകിയതിന് ശേഷം പൂർണമായും സിമന്റിലാണ് ശിൽപ നിർമാണം. 600 സ്ക്വയർ ഫീറ്റിൽ നാഗയക്ഷിയെ കൂടാതെ നാഗരാജാവ്, നാഗ ഗന്ധർവൻ, കണ്ഡകർണൻ, അറുകുല സ്വാമി എന്നീ ഉപദേവതകളോടെയാണ് ക്ഷേത്ര നിർമാണം. ജയറാം തന്റെ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച പണംകൊണ്ടാണ് ശിൽപവും ക്ഷേത്രവും നിർമിക്കുന്നത്.
ചേർത്തല ദേവീക്ഷേത്രത്തിന്റെ കിഴക്കേ കവാടം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ ശിൽപങ്ങൾക്ക് ചാരുതയേകിയ ശിൽപിയാണ് ഷാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.