യുവതി കുഴഞ്ഞുവീണു; കെ.എസ്.ആർ.ടി.സി ‘ആംബുലൻസ്’ ആയി
text_fieldsചേര്‍ത്തല: ബസിൽ കുഴഞ്ഞവീണ യുവതിക്ക് ജീവനക്കാരും യാത്രക്കാരും രക്ഷകരായതോടെ കെ.എസ്.ആര്.ടി.സി ‘ആംബുലന്‍സ്’ ആയി. ചേർത്തല ഡിപ്പോയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 7.15 ന് അമൃത മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ട ബസിലെ ജീവനക്കാരും യാത്രക്കാരുമാണ് ജീവൻരക്ഷാപ്രവർത്തനം നടത്തിയത്.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വടുതല സ്വദേശിനി ഹസീനയാണ് രാവിലെ 8.30 ഓടെ അരൂർ പള്ളിക്ക് സമീപം ബസ് എത്തിയപ്പോൾ കുഴഞ്ഞ് വീണത്. സഹയാത്രികർ വെള്ളം കൊടുക്കാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാത്ത അവസ്ഥയായിരുന്നു. സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല.
ആംബുലൻസ് വിളിച്ചെങ്കിലും അവരും എത്താതെ വന്നപ്പോൾ യാത്രക്കാര്‍ സഹകരിച്ചതോടെ ഡ്രൈവര്‍ എന്‍.എസ്.സജിമോനും കണ്ടക്ടര്‍ സി.പി.മിനിയും വാഹനം മറ്റൊരിടത്തും നിര്‍ത്താതെ അമൃത ആശുപത്രിയിലേക്കു കുതിക്കുകയായിരുന്നു.
ഹെഡ് ലൈറ്റിട്ട് സിഗ്നല്‍ ജംഗ്ഷനുകള്‍ കരുതലോടെ കടന്നായിരുന്നു ആശുപത്രിയിലെത്തിച്ചത്. ഇടക്കിറങ്ങേണ്ട യാത്രക്കാരെല്ലാം സഹകരിച്ചതാണ് സഹായകരമായതെന്ന് ഡ്രൈവര്‍ വയലാർ ഞാറക്കാട് സജിമോനും കണ്ടക്ടര്‍ കലവൂര്സ്വദേശി സി.പി.മിനിമോളും പറഞ്ഞു. അരമണിക്കൂറിന് ശേഷം യുവതി അപകടനിലതരണം ചെയ്തെന്നുറപ്പാക്കിയാണ് ജീവനക്കാരും യാത്രക്കാരും ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.