കടക്കരപ്പള്ളിയിൽ പശുക്കളില്‍ പേവിഷബാധ; മൂന്നെണ്ണം ചത്തു
text_fieldsചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പശുക്കളില്‍ പേവിഷബാധ. സമാന ലക്ഷണങ്ങളോടെ മൂന്ന് പശുക്കള്‍ ചത്തു. ലക്ഷണങ്ങളോടെയുള്ള ഒരു കിടാവ് നിരീക്ഷണത്തിലാണ്. ആന്തരികാവയവങ്ങളില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടില്ലെങ്കിലും ലക്ഷണങ്ങളില്‍നിന്ന് പേവിഷബാധയെന്ന ഉറപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്. രണ്ടാഴ്ചക്കുള്ളിലാണ് മൂന്ന് പശുക്കള്‍ ചത്തത്. സമീപ പഞ്ചായത്തായ പട്ടണക്കാട്ടും ഇതേ ലക്ഷണങ്ങളോടെ പശു ചത്തതായാണ് വിവരം.
പേവിഷബാധ കണ്ടെത്തിയ പ്രദേശത്ത് ജാഗ്രതനിർദേശം നല്‍കി. ചത്ത പശുക്കളുമായി സമ്പര്‍ക്കമുണ്ടായ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും പാൽകുടിച്ചവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കി. പ്രദേശത്തെ എല്ലാ പശുക്കള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുള്ള പശുക്കളുമായി സമ്പര്‍ക്കം പാടില്ലെന്ന കര്‍ശന നിര്‍ദേശം ക്ഷീരകര്‍ഷകര്‍ക്ക് നൽകിയിട്ടുണ്ട്.
ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണമെന്ന നിർദേശമുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും മൃഗസംരക്ഷണ വകുപ്പ് പറഞ്ഞു. മറ്റു വകുപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് വെറ്ററിനറി സര്‍ജൻ ഡോ. അനുരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.