നാടിനെ വിറപ്പിച്ച് മുച്ചക്ര കാറോട്ടം; എട്ടു വാഹനങ്ങളിൽ ഇടിച്ചു; 11 പേർക്ക് പരിക്ക്
text_fieldsചേര്‍ത്തല: മൂന്ന് ചക്രമുള്ള കാർ കിലോമീറ്ററോളം ഓടിച്ച് നാടിനെയും നാട്ടുകാരെയും മുൾമുനയിലാക്കിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി.
ഉദയനാപുരം പുത്തന്‍വീട് ദീപന്നായരാണ്(28) പിടിയിലായത്. കാർ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു കാറിൽ ഇടിച്ചാണ് ‘സർക്കസ്’ വണ്ടിയുടെ ഓട്ടം നിലച്ചത്. ഓടിക്കൂടിയ നാട്ടുകാരെയും പിന്തുടർന്നെത്തിയ പൊലീസിനെയും യുവാവ് അക്രമിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. അരൂക്കുറ്റി-ചേര്‍ത്തല റൂട്ടിൽ ശനിയാഴ്ച ഉച്ചക്ക് 11.30 നും 12.30 നും ഇടയിലായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളും മൂന്നു കാറുകളുമടക്കം എട്ടു വാഹനങ്ങളാണ് യുവാവിന്റെ പരാക്രമത്തിൽ തകർന്നത്. കാറിന്റെ മുന്നിലെ ഇടതു ഭാഗത്തെ ടയര്‍ ഇല്ലാതെയാണ് യുവാവ് 23 കിലോമീറ്റർ വാഹനം ഓടിച്ചത്. അരൂരില്‍ വെച്ച് മറ്റൊരുവാഹനത്തില്‍ ഇടിച്ച ശേഷം അരൂക്കുറ്റി റൂട്ടിലേക്കു കടന്നു. ഈ വിവരം പൂച്ചാക്കല്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനുമുന്നില്‍ വാഹനം തടയാന്‍ പൊലീസുകാർ കാത്തുനിന്നിരുന്നു.
എന്നാല്‍ പൊലീസിനു നേരേ പാഞ്ഞടുത്ത വാഹനം നിര്‍ത്താതെ പോയി. പൊലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. തുടര്‍ന്ന് പൊലീസടക്കം വാഹനത്തില്‍ പിന്തുടരുമ്പോഴും ആളുകളെയും വാഹനങ്ങളെയും ഇടിച്ചിട്ട് കാര്‍ മുന്നോട്ടു കുതിച്ചു. തവണക്കടവ് കവലയില്‍ നിന്നും തവണക്കടവിലേക്കും ഇവിടെനിന്നും ഇടറോഡുവഴി പള്ളിച്ചന്തയിലേക്കെത്തിയ ശേഷമായിരുന്നു ചേര്‍ത്തല റൂട്ടിലേക്ക് വീണ്ടും കടന്നത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്കടന്നപ്പോള് വാരനാട് കവലക്കുസമീപം മറ്റൊരു കാറില്‍ ഇടിച്ചുനിന്നശേഷം ഇറങ്ങിയ ദീപന്‍നായര്‍ നാട്ടുകാര്‍ക്കും പൊലീസിനും നേരേ പാഞ്ഞടുത്ത് അക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. ദീപന്നായരുടെ കൂടുതൽ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.
അരൂരിലെത്തുന്നതിനു മുമ്പും ഇയാളുടെ വാഹനം നിരവധി വാഹനങ്ങളിലിടിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലടക്കം വിശദമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാറിടിച്ചു പരിക്കേറ്റ കടക്കരപ്പളളി കോവിലകം ജിതിന്(37), തൈക്കാട്ടുശ്ശേരി ചോഴേക്കാട്ടില്‍ കെ.എ.അഞ്ജു(32), ചേര്‍ത്തല മാടക്കല്‍ തറയില്‍ വിഷ്ണുദിനേശന്‍(28)എന്നിവർ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കൂടാതെ മൂന്നു പേര് കൂടി ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ വിവിധ ആശുപത്രികളിലാണ്. ദീപൻ നായരെ ചേർത്തല താലൂക്കാശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.