നേതൃസ്ഥാനത്ത് ഇരുന്നവർ മോഷ്ടിച്ച മുതലുകൾ തിരിച്ചുപിടിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
text_fieldsചേർത്തല: യൂനിയൻ നേതൃസ്ഥാനത്ത് ഇരുന്നവർ മോഷ്ടിച്ച മുതലുകൾ എന്തുവിലകൊടുത്തും തിരിച്ചുപിടിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര, ചേർത്തല യൂനിയനുകളിൽ നടന്ന സംഘടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ.
മോഷ്ടിച്ച മുതലുകൾ തിരിച്ചടക്കേണ്ടി വരുമെന്ന് ബോധ്യമായപ്പോൾ യോഗ നേതൃത്വത്തെ ബ്ലാക്മെയിൽ ചെയ്യാനും ശിഥിലമാക്കാനുമുള്ള ശ്രമമാണ് ഈക്കൂട്ടർ നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വാർത്തകളാണ് ഇവർ സൃഷ്ടിക്കുന്നത്.
പലിശ രാജാവിന്റെ ദുഷ്ചെയ്തികൾ മൂലം സ്വത്തും ജീവനും നഷ്ടപ്പെട്ട ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ ഭരണകൂടങ്ങൾ തയാറാകണം. ചെന്നൈ ടി നഗറിലുള്ള ശിവഗിരി മഠത്തിന്റെ പവിത്രമായ മണ്ണും സ്വത്തും കൈക്കലാക്കിയത് മഠത്തിന് തിരികെ നൽകണം. അതിന് തയാറായില്ലെങ്കിൽ കോടിക്കണക്കിന് രൂപയുടെ മുതൽ കൈക്കലാക്കിയ പലിശക്കാരനെതിരെ സംഘടനാപരമായും നിയമപരമായും പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണിച്ചുകുളങ്ങര യൂനിയനിൽ പ്രസിഡന്റ് വി.എം. പുരുഷോത്തമനും ചേർത്തല യൂനിയനിൽ യോഗം കൗൺസിലർ പി.ടി. മന്മഥനും അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.