അനധികൃത ഹൗസ്ബോട്ട് പിടിച്ചുകെട്ടും
text_fieldsആലപ്പുഴ: രജിസ്ട്രേഷനും ലൈസൻസുമില്ലാതെ കായൽയാത്ര നടത്തുന്ന ഏഴ് ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കാൻ തുറമുഖവകുപ്പ് ജില്ല പൊലീസ് മേധാവിക്ക് കത്തുനൽകി. നോട്ടീസ് നൽകിയിട്ടും രജിസ്ട്രേഷൻ നടപടികളോട് സഹകരിക്കാത്ത ഉടമകളുടെ പുരവഞ്ചികൾ പൊലീസ് സഹായത്തോടെ പിടിച്ചുകെട്ടുന്നതിന്‍റെ ഭാഗമാണിത്. കഴിഞ്ഞദിവസം അനധികൃതമായി ഓടിയ 14 ഹൗസ്ബോട്ടുകൾക്ക് തുറമുഖവകുപ്പ് നോട്ടീസ് നൽകിയെങ്കിലും പകുതിയിൽ താഴെമാത്രമാണ് ഹാജരായത്. ബാക്കിയുള്ള ഭൂരിഭാഗം ഉടമകളും ഉദ്യോഗസ്ഥരുടെ നിർദേശം പാലിക്കാതെ സർവിസ് നടത്തുന്നതായി വിവരം ലഭിച്ചതോടെയാണ് നടപടി കർശനമാക്കിയത്.
കെ.ഐ.വി രജിസ്ട്രേഷൻ, ഇൻഷുറൻസ്, പൊല്യൂഷൻ, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത പുരവഞ്ചികളാണ് ഏറെയും ഓടുന്നത്. ഇങ്ങനെ ഓടുന്ന ബോട്ടുകൾ പിടിച്ചുകെട്ടണമെന്ന് കോടതിവിധിയുണ്ട്. ഈ ബോട്ടുകളെ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാൻ കൂടുതൽ പരിശോധന നടത്തുമെന്ന് തുറമുഖവകുപ്പ് ഓഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു.
കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1,580 ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്നതായാണ് ഔദ്യോഗിക കണക്ക്. ഇവയിൽ ഭൂരിഭാഗവും രജിസ്ട്രേഷനും ലൈസൻസും സർവേയും ഇല്ലാതെയാണ് ഓടുന്നത്. കോവിഡ് കവർന്നെടുത്ത 'സീസൺ' തിരിച്ചുപിടിക്കാൻ പുരവഞ്ചികളും ശിക്കാരവള്ളങ്ങളും സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പാക്കേജുകളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുതലെടുത്താണ് പലപ്പോഴും ബോട്ടുടമകൾ രക്ഷപ്പെടുന്നത്. പിടികൂടുന്ന ഘട്ടത്തിൽ വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് നടപടിയെടുക്കുന്നത്.
സർവിസ് തടഞ്ഞുള്ള പരിശോധനയില്ല. യാർഡിൽ ഹാജരാക്കണമെന്ന നിർദേശമാണ് നൽകുക. ഇത് പലപ്പോഴും ഹൗസ്ബോട്ട് ഉടമകൾ പാലിക്കാറില്ല. ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലായും എത്തുന്നതിനാൽ മുഖംമിനുക്കിയാണ് ഹൗസ്ബോട്ടുകൾ കായലോരത്ത് നങ്കൂരമിട്ടിരിക്കുന്നത്.
വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ടിന് തീപിടിച്ച് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ സുരക്ഷ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പരിശോധനകൾക്ക് കോവിഡ് പ്രധാനതടസ്സമായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുന്നതിന് സേഫ്റ്റി സർവേ എല്ലാവർഷവും പൂർത്തിയാക്കണമെന്നാണ് നിയമം. അഞ്ചുകൊല്ലത്തേക്ക് നൽകുന്ന രജിസ്ട്രേഷനും പലരും പുതുക്കാറില്ല. ജീവൻരക്ഷ ഉപകരണങ്ങൾ അടക്കമുള്ള സംവിധാനങ്ങൾ പരിശോധിച്ച് പുതുക്കുന്ന നടപടികളോട് ഭൂരിഭാഗം ഹൗസ് ബോട്ട് ഉടമകളും മുഖംതിരിഞ്ഞുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.