ദേശീയപാത 66 വികസനം; ചേർത്തലയിൽ രണ്ട് അടിപ്പാതകൾക്കുകൂടി അനുമതി
text_fieldsചേർത്തല: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിൽ രണ്ടിടത്ത് കൂടി അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജങ്ഷൻ എന്നിവിടങ്ങളിലാണ് പുതുതായി അടിപ്പാത അംഗീകാരം ലഭിച്ചത്. ചേർത്തല നഗരപരിധിയിൽ കാർത്യായനി ജങ്ഷൻ, അർത്തുങ്കൽ റോഡ്, ഹൈവേ പാലം, എക്സ്റേ ജങ്ഷൻ എന്നിവിടങ്ങളിൽ നേരത്തെ അടിപ്പാതക്ക് അനുമതിയായിരുന്നു. ആദ്യഘട്ടത്തിൽ തങ്കി കവല, തിരുവിഴയിലും അടിപ്പാതക്ക് അനുമതി ഉണ്ടായിരുന്നില്ല.
തുടർന്ന് വിഷയത്തിൽ ഇടപെട്ട കൃഷി മന്ത്രി പി. പ്രസാദ് തിരുവിഴ ജങ്ഷൻ, തങ്കി കവല, ചേർത്തല റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും അന്നത്തെ സഹമന്ത്രി വി.കെ. സിങ്ങിനെയും കണ്ട് കത്ത് നൽകിയിരുന്നു. റെയിൽവേ സ്റ്റേഷന് മുന്നിൽ അടിപ്പാതക്ക് റെയിൽവേ സ്ഥലം അനുവദിക്കാത്തതിനാൽ നിലവിൽ അനുമതി ലഭിച്ചിട്ടില്ല. അതിനായി ശ്രമം നടക്കുന്നതായി മന്ത്രി പറഞ്ഞു. ചേർത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള ഹൈവേ പാലം കാലപ്പഴക്കം കൊണ്ടും വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമില്ലാത്തതുകൊണ്ടും നിലവിലുള്ളതിൽ നിന്ന് ഉയർത്തിപ്പണിഞ്ഞ് പാലത്തിന് അടിയിലൂടെ അടിപ്പാത അനുവദിക്കണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. ദേശീയ പാത ഒഴിവാക്കി ആലപ്പുഴയിലേക്ക് യാത്ര സുഗമമാക്കുന്നതിന് ഈ റോഡുകൾ വികസിപ്പിക്കുന്നതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.