വാംഅപ് മെഷീൻ ഉപയോഗം; ഗൃഹനാഥന് മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി
text_fieldsചേര്‍ത്തല: ശരീരത്തിലെ നാഡികളെ ഉണര്‍ത്തുന്നതെന്ന പേരിലിറക്കിയ വാം അപ്പ് മെഷീന് ഉപയോഗിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. അശാസ്ത്രീയമായ ഉപകരണം ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാലിന് ഗുരുതര പൊള്ളലേറ്റ ചേര്‍ത്തല ചാലില്‍ നികര്‍ത്തില്‍ കെ.ഡി. നിശാകരനാണ് (69) കഴിഞ്ഞ ദിവസം മരിച്ചത്. ഉപകരണത്തില്‍നിന്ന് പൊള്ളലേറ്റ് കാല് മുറിച്ചുമാറ്റേണ്ട ഘട്ടം വരെയെത്തി.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയ ശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് മരണം. പൊള്ളലേറ്റത് തന്നെയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊള്ളലേറ്റ സംഭവത്തില്‍ മകന് ഒ.എന്‍. സനല്‍കുമാര്‍ പൊലീസിലും മുഖ്യമന്ത്രിക്കും നല്കിയ പരാതിയില്‍ കേസെടുത്തു അന്വേഷണം നടക്കവേയായിരുന്നു മരണം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും ഉല്പന്ന നിർമാതാക്കളായ സ്വകാര്യ കമ്പനിപ്രതിനിധികള്ക്കെതിരെയും വില്പന നടത്തിയ ഏജന്റിനെതിരെയും കേസെടുക്കുമെന്നാണ് സൂചന.
പൊലീസിടപെട്ട് ചികിത്സ ചെലവിനടക്കം കമ്പനിയില്‍ നിന്നും 1.20ലക്ഷം നഷ്ടപരിഹാരമായി നല്കാന് നിർദേശിച്ചിരുന്നെങ്കിലും ഇതും വ്യാജചെക്ക് നല്കി കബളിപ്പിച്ചെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ജനുവരി 13ന് നിശാകരനും ഭാര്യയും മാത്രം വീട്ടിലുള്ളപ്പോഴാണ് വില്പനക്കാരന് ഉല്പന്നം വിറ്റത്. വൈദ്യുതിയിൽ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണത്തിന് സുരക്ഷ സംവിധാനങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
850 രൂപ വിലവരുന്ന ഉപകരണമാണ് നിശാകരന് കൊടുത്തത്. ഇതു തന്നെ തവണകളായി കൊടുത്താല്‍ മതിയെന്ന വ്യവസ്ഥയിലാണ് വില്പന നടത്തിയത്. ഇതുപയോഗിച്ചതിനെ തുടര്‍ന്ന് 29 ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.