വാട്സ്ആപ് ഗ്രൂപ് തുണയായി; ഗോപാലനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടായി
text_fieldsചേർത്തല: ഒരുകൂട്ടം ചെറുപ്പക്കാരുടെ വാട്സ്ആപ് കൂട്ടായ്മ വീടൊരുക്കിയതോടെ ഗോപാലനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. ചേർത്തല നഗരസഭ 18ാം വാർഡ് കുഴുവേലി വെളിയിൽ ഗോപാലെൻറ (79) കുടുംബത്തിനാണ് നാലുമാസംകൊണ്ട് വീടൊരുക്കിയത്. ഏതുസമയവും പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലായിരുന്ന വീട്ടിൽ കടുത്ത പ്രമേഹരോഗിയായ ഗോപാലൻ വീൽചെയറിെൻറ സഹായത്തിലാണ് കഴിഞ്ഞിരുന്നത്.
12 വർഷം മുമ്പ് ഭാര്യ വിജയമ്മാൾ മരിച്ചു. മകൻ കാർത്തികേയന് വർഷങ്ങൾക്കുമുമ്പ് ഓപറേഷന് വിധേയനായശേഷം അധികം ജോലികൾ എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. അടുത്ത വീട്ടിൽ ഭർത്താവുമൊന്നിച്ച് താമസിക്കുന്ന മകൾ അംബികയുടെ അവസ്ഥയും വളരെ മോശമാണ്. ഇവരുടെ ഭർത്താവ് കണ്ണൻ ഒരുവശം തളർന്നനിലയിലാണ്.
ലോക്ഡൗണിൽ കിടപ്പുരോഗികൾക്കും മറ്റും ഭക്ഷണവും മരുന്നും വീടുകളിൽ എത്തിക്കുന്നതിനിടെയാണ് വാട്സ്ആപ് കൂട്ടായ്മ അംഗങ്ങൾ ഗോപാലെൻറ അവസ്ഥ ശ്രദ്ധിച്ചത്. തുടർന്ന് അംഗങ്ങൾ ഒത്തുചേർന്ന് വീടൊരുക്കുകയായിരുന്നു. ഇൻറർനാഷനൽ ചാരിറ്റി ഡേയായ സെപ്റ്റംബർ അഞ്ചിനുതന്നെ വീടിെൻറ താക്കോൽ കൈമാറി. കെട്ടിടനിർമാണ കമ്പനിയായ ഹാബിറ്റാറ്റ് എം.ഡി പി.ഡി. ലക്കി വീടിെൻറ ഉദ്ഘാടനം നിർവഹിച്ചു.
വാട്സ്ആപ് ഗ്രൂപ് അംഗങ്ങാളായ എം. ഗോപകുമാർ, വി. ഉദയകുമാർ, ഷാൻകുമാർ ഓങ്കാരേശ്വരം, ധിരൻ ബേബി വേളോർവട്ടം, സീജ, സംഗീത, സജി, ചേർത്തല സിവിൽ ഡിഫൻസ് ചീഫ് വാർഡൻ രതീഷ്, ചാരിറ്റി പ്രവർത്തകരായ ഹരികൃഷ്ണൻ, എസ്. ശിവമോഹൻ, ജോർജ് ആൻറണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.