കോഴിവില കുത്തനെ ഇടിഞ്ഞു; നഷ്ടത്തിൽ കർഷകർ
text_fieldsആലപ്പുഴ: കോഴിവില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. സീസണിൽ കിലോക്ക് 160-170 രൂപക്ക് വിറ്റിരുന്ന കോഴി വില നിലവിൽ 85-90 രൂപയായാണ് ഇടിഞ്ഞത്. ഫാമിൽനിന്ന് വ്യാപാരികൾ വാങ്ങുന്നത് 70 രൂപക്കാണ്. നഷ്ടം കാരണം കർഷകർ ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടുള്ള കോഴിവളർത്തൽ നിർത്തിയിരിക്കുകയാണ്. ഇത് തമിഴ്നാട് അടക്കം സംസ്ഥാനങ്ങളിലെ ലോബികൾക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
കർഷകർ ഒരുകോഴിയെ പരിപാലിക്കുന്നത് 40-45 ദിവസമാണ്. കോഴിക്കുഞ്ഞിന് 48രൂപയാണ്വില. ഒരുകിലോ തീറ്റക്ക് 44രൂപയും. ഇതിന് പുറമേ വൈദ്യുതി, വെള്ളം, നികുതി അടക്കമുള്ള ചെലവുകൾ വേറെയുമുണ്ട്. 1000 കോഴിയെ വളർത്തിയാൽ കിട്ടുന്നത് 900 എണ്ണമാണ്. വളരുന്ന ഘട്ടത്തിൽ അസുഖങ്ങൾ പിടിപെട്ട് ചാകുന്നത് പതിവാണ്. വളർച്ചയെത്തിയ ഒരുകോഴിക്ക് കർഷകന് പരമാവധി കിട്ടുന്നത് 65-70 രൂപയാണ്.
തമിഴ്നാട് ലോബി ‘വില’ നിശ്ചയിക്കും
കോഴിവില കുത്തനെ ഇടിയുമ്പോഴും ‘വില’ നിശ്ചയിക്കുന്നത് തമിഴ്നാട് ലോബിയാണ്. പ്രതിദിനം കേരളത്തിൽ 2200 ടൺ കോഴിയിറച്ചിയാണ് വേണ്ടത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ ആവശ്യക്കാർ. ഇറച്ചിക്കോഴിയുടെ 80ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇവിടെതന്നെയാണ്.
എന്നാൽ, കോഴിക്കുഞ്ഞുങ്ങളുടെ ഉൽപാദനം കൂടുതലായും തമിഴ്നാട്ടിലാണ്. അതിനാൽ കുഞ്ഞിന്റെയും തീറ്റയുടെയും വില നിയന്ത്രിക്കുന്നത് തമിഴ്നാട് ലോബിയാണ്. ഫാമുകളിൽ സീസൺ ആരംഭിക്കുമ്പോൾ കേരളത്തിലേക്ക് കുറഞ്ഞവിലക്ക് കോഴികളെ എത്തിക്കും.
വിലകുറക്കാതെ ഹോട്ടലുകൾ
കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് പൊള്ളുന്ന വില തന്നെ. ചിക്കൻ കറിക്ക് ഹോട്ടലുകളിൽ 100-130 രൂപ കൊടുക്കണം. ഫ്രൈക്ക് 180 വരെ. രണ്ട് പീസ് അടങ്ങുന്ന ബിരിയാണിക്ക് 130-160 രൂപയാണ് വില. നിലവിൽ ഒരുകിലോ കോഴിയിറച്ചിക്ക് 85രൂപയായി മാറിയിട്ടും ചിക്കൻ വില 160ൽ എത്തിയപ്പോൾ കൂട്ടിയ നിരക്ക് തന്നെയാണ് ഹോട്ടലുകൾ തുടരുന്നത്. വിഭവങ്ങളുടെ അളവും വിലയും തീരുമാനിക്കുന്നത് ഹോട്ടൽ ഉടമകളാണ്.
കടയുടെ ഭൗതിക സാഹചര്യമനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഹോട്ടൽ വിഭവങ്ങൾക്ക് ഏകീകൃത വില നിർണയസംവിധാനം ഇല്ലാത്തതാണ് പ്രശ്നം. വിഭവങ്ങളുടെ വില പ്രദർശിപ്പിക്കണമെന്ന് മാത്രമേ നിലവിൽ നിയമമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.