ഹാച്ചറികൾ പൂട്ടുന്നു; ആലപ്പുഴയിൽ താറാവ് ക്ഷാമം രൂക്ഷം
text_fieldsആലപ്പുഴ: പരമ്പരാഗത തീറ്റയുടെ കുറവും കഠിനമായ ചൂടും കാരണം താറാവുകളുടെ മുട്ടയിടൽ വൈകുന്നതായി കർഷകർ. ഇതിന് പുറമെ ലാഭകരമല്ലെന്ന കാരണം പറഞ്ഞ് ഹാച്ചറികൾ പൂട്ടുന്നതും താറാവ് ക്ഷാമം രൂക്ഷമാകുന്നു. പക്ഷിപ്പനി കാരണം അടുത്ത കാലത്ത് വർഷംതോറും കൊന്നു നശിപ്പിക്കുന്ന താറാവുകളുടെ എണ്ണം വൻതോതിലായതും ക്ഷാമം വർധിപ്പിക്കുന്നു.
താറാവ് ക്ഷാമം മൂലം മുട്ട വിലയും വർധിച്ചു. മുട്ട ഒന്നിന് രണ്ട് രൂപവരെയാണ് കൂടിയത്. മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ താറാവുകളുള്ള പ്രദേശങ്ങളാണ് ചെന്നിത്തല, മാന്നാർ, നിരണം തുടങ്ങിയവ. ഇവിടെ വേനൽക്കൊയ്ത്തിന് ശേഷം നെൽപാടങ്ങളിൽ കൊത്തിപ്പെറുക്കുന്നതിനായി വലുതും ചെറുതുമായ താറാവുകളെ കൊണ്ടുവരുന്ന ഒട്ടേറെ സംഘങ്ങൾ സജീവമായിരുന്നു. ഇക്കുറി ഇവരെ കാണാനില്ല. നിരണത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഫാമിൽപോലും ഉൽപാദനം കുറഞ്ഞു. ചെന്നിത്തലയിലെ സ്വകാര്യ മേഖലയിലുണ്ടായിരുന്ന ആറോളം ഹാച്ചറികളിൽ മുട്ടയില്ലാത്തതിനാൽ ഉൽപാദനവുമില്ല. പൊതുവിപണിയിൽ 10 രൂപയുണ്ടായിരുന്ന താറാവുമുട്ടക്ക് 12 രൂപ വരെയാണിപ്പോൾ. താറാവ് ഇറച്ചിക്കു കിലോക്ക് 350 രൂപയാണെങ്കിലും നാടൻ താറാവിനെ കിട്ടാനില്ല. നാടൻ എന്ന പേരിൽ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുട്ടയാണ് പൊതുവിപണിയിൽ വിൽപനക്കുള്ളത്.
കാലാവസ്ഥയിലും ഭക്ഷണരീതിയിലും പ്രാദേശികമായുണ്ടായ വ്യത്യാസം കാരണം താറാവുകൾ മുട്ടയിടാനെടുക്കുന്ന കാലയളവ് കൂടിയിട്ടുണ്ട്. മുട്ടവിരിഞ്ഞ് നാലര-അഞ്ചര മാസംകൊണ്ട് വീണ്ടും മുട്ടയിട്ടിരുന്ന താറാവുകൾ ഇപ്പോൾ ആറര മാസം വരെയെടുക്കുന്നു. ഇടുന്ന മുട്ടകളുടെ എണ്ണവും കുറഞ്ഞു. പരമ്പരാഗത തീറ്റയുടെ ലഭ്യതക്കുറവാണ് താറാവുകൾ മുട്ടയിട്ടു തുടങ്ങാൻ വൈകുന്നതിന് മുഖ്യകാരണമെന്ന് കർഷകർ പറയുന്നു. മടവല മത്സ്യബന്ധനം നിരോധിച്ചതോടെ ചെറുമത്സ്യങ്ങൾ കിട്ടാതായി. പനമ്പറ്റ കിട്ടുന്നതും കുറഞ്ഞു. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളം കയറ്റി താറാവുകളെ തീറ്റുന്നതും ഇല്ലാതായി. പാടശേഖരങ്ങളിലെ അമിത കീടനാശിനി പ്രയോഗവും തീയിടലും കാരണം ചെറുകക്ക, വിര തുടങ്ങിയ ജൈവതീറ്റകളും ഇല്ലാതായി. ചൂടുകൂടിയതോടെ എല്ലാ ജീവികളും ആഹാരം കഴിക്കുന്നത് കുറഞ്ഞു. ഇക്കാരണത്താൽ ആവശ്യമായ മൂലകങ്ങൾ ശരീരത്തിലെത്താതെ വരും. ഇതാണ് മുട്ട ഉൽപാദനത്തെ ബാധിക്കുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.