ചേർത്തലയിൽ സി.എൻ.ജി സംഭരണകേന്ദ്രം: തെക്കൻ ജില്ലകളും സിറ്റി ഗ്യാസ് പദ്ധതിയിലേക്ക്
text_fieldsആലപ്പുഴ: സംസ്ഥാനത്തിെൻറ തെക്കൻ ജില്ലകളും സിറ്റി ഗ്യാസ് പദ്ധതിയിലേക്ക്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പദ്ധതിക്കായി പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലുള്ളത്. ആദ്യഘട്ടത്തിൽ ചേർത്തല നഗരത്തിലും വയലാറിലും അടക്കം ഗാർഹിക ഗ്യാസ് വിതരണം തുടങ്ങും.
എ.ജി ആൻഡ് പി കമ്പനിയാണ് തെക്കൻ ജില്ലകളിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിലേക്ക് ചേർത്തല തങ്കിക്കവലയിൽ ദ്രവരൂപത്തിലുള്ള സി.എൻ.ജി ഗ്യാസാക്കിമാറ്റി സംഭരിക്കുന്ന സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിലാണ്. ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലേക്കുള്ള വിതരണത്തിനാവശ്യമായ ഗ്യാസ് സംഭരണശേഷി കൂടിയുള്ളതാണ് പ്ലാൻറ്. കളമശ്ശേരിയിൽനിന്ന് വാഹനങ്ങളിലാണു പ്ലാന്‍റിലേക്ക് ദ്രവീകൃത വാതകമെത്തിക്കുന്നത്. ദ്രവരൂപത്തിലെത്തിക്കുന്ന ഇന്ധനം ഗ്യാസാക്കുമ്പോൾ 600 ഇരട്ടിയായി മാറും.
ഇതിനുള്ള പ്ലാന്‍റാണ് ചേർത്തല തങ്കിക്കവലയിൽ സ്ഥാപിച്ചതെന്ന് എ.ജി ആൻഡ് പി അധികൃതർ പറഞ്ഞു. പ്രാഥമികഘട്ടത്തിൽ ചേർത്തലക്ക് പുറമേ തിരുവനന്തപുരം കൊച്ചുവേളിയിലും കൊല്ലം ചവറയിലും സ്റ്റേഷൻ സ്ഥാപിച്ചാണു വിതരണം. മൂന്നു ജില്ലകളിലുമായി എട്ടുവർഷംകൊണ്ട് 8000 കിലോമീറ്റർ പൈപ്പുകളാണ് വീടുകളിലേക്കടക്കം പദ്ധതിവഴി സ്ഥാപിക്കുക.
ചേർത്തലയിൽ ജൂലൈയിൽ വിതരണം തുടങ്ങും. വയലാർ ഗ്രാമപഞ്ചായത്തിലും ചേർത്തല നഗരത്തിലുമായി വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലായി ആദ്യഘട്ടത്തിൽ 80,000 ഗാർഹിക കണക്‌ഷനാണ് ലക്ഷ്യം. തങ്കിക്കവലയിലെ സ്റ്റേഷൻ പരിധിയിൽ (25 കിലോമീറ്റർ പരിധി) 1,30,000 കണക്‌ഷൻ വരെ നൽകാനാകും. ആദ്യവർഷം 750 കിലോമീറ്റർ പൈപ്പാണു വിതരണത്തിനായി സ്ഥാപിക്കുന്നത്. 70 കിലോമീറ്റർ നീളത്തിൽ കളമശ്ശേരി മുതൽ കലവൂർ വരെ സ്റ്റീൽ നിർമിത പ്രധാന പൈപ്പും സ്ഥാപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.