തീരദേശ ഹൈവേ; സാമൂഹിക ആഘാതപഠനം അവസാന ഘട്ടത്തിൽ
text_fieldsആലപ്പുഴ: തീരദേശ ഹൈവേക്കായി ജില്ലയിൽ നടത്തുന്ന സാമൂഹിക ആഘാത പഠനം അവസാന ഘട്ടത്തിലേക്ക്. വലിയഴീക്കൽ മുതൽ തോട്ടപ്പള്ളി വരെയുള്ള ആദ്യറീച്ചിന്റെയും ആലപ്പുഴ മുതൽ തെക്കൻ ചെല്ലാനം വരെയുള്ള രണ്ടാം റീച്ചിന്റെയും സാമൂഹിക ആഘാതപഠനമാണ് നടക്കുന്നത്. ഡിസംബറിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. പഠനം പൂർത്തിയായാൽ പൊതുജനാഭിപ്രായം തേടും. ഇവ രണ്ടും പരിശോധിച്ചശേഷം അവസാന രൂപരേഖ തയാറാക്കും. ജില്ലയിൽ വലിയഴീക്കൽ മുതൽ തെക്കേ ചെല്ലാനംവരെ 70 കിലോമീറ്ററാണ് തീരദേശ ഹൈവേ. ഇതിൽ 54.99 കിലോമീറ്റർ റോഡിന് നേരത്തേ സാമ്പത്തിക അനുമതിയായിരുന്നു. മൂന്നുഭാഗങ്ങളിലായാണ് നിർമാണം.
വലിയഴീക്കൽ-തോട്ടപ്പള്ളി റീച്ചിൽ 22 കിലോമീറ്ററും അമ്പലപ്പുഴ-ആലപ്പുഴ റീച്ചിൽ 15 കിലോമീറ്ററും ആലപ്പുഴ മുതൽ തെക്കേ ചെല്ലാനംവരെ 33 കിലോമീറ്ററുമാണ് തീരദേശപാത. തീരത്തുകൂടിയുള്ള റോഡുകൾ ഏറ്റെടുത്ത് 14 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നതാണ് പദ്ധതി. അമ്പലപ്പുഴ മുതൽ ആലപ്പുഴവരെയുള്ള റീച്ചിന്റെ അന്തിമ രൂപരേഖ നാറ്റ്പാക്കാണ് തയാറാക്കുന്നത്.
പൊതുഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവക്ക് വേഗം നൽകുന്നതാണ് പദ്ധതി. കടലോര ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ കരുത്തുപകരുന്ന ഹൈവേ വികസനം തീരത്തിന്റെ പുരോഗതിയും സാധ്യമാക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി) നിർമാണച്ചുമതല. ജില്ലയിൽ പുതിയ പാലങ്ങളൊന്നും പദ്ധതിയിലില്ല. ചിലയിടങ്ങളിൽ കലുങ്കുകൾ നിർമിക്കണം. 1400ഓളം കെട്ടിടങ്ങൾ പദ്ധതിയുടെ ഭാഗമായി പൊളിക്കേണ്ടിവരും.
സർക്കാർ ഭൂമിയും പുറമ്പോക്കും സ്വകാര്യഭൂമിയും നിലവിലെ റോഡുകളും ഉൾപ്പെടെ വലിയഴീക്കൽ മുതൽ തോട്ടപ്പള്ളിവരെ 25.35 ഹെക്ടറും ആലപ്പുഴ മുതൽ തെക്കേ ചെല്ലാനംവരെ 29.76 ഹെക്ടറും ഭൂമി ഏറ്റെടുക്കും. തോട്ടപ്പള്ളി സ്പിൽവേയിൽ പുതിയ പാലങ്ങളുടെ ഇരുവശവും രണ്ട് അടിപ്പാത നിർമിക്കും. പുതിയ പാലങ്ങൾ വരുന്നതോടെ വടക്കേക്കരയിൽനിന്ന് തുറമുഖത്തേക്കടക്കമുള്ള വഴിയടയുമെന്ന് നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു. ആദ്യം ദേശീയപാത അതോറിറ്റി മടിച്ചുനിന്നെങ്കിലും പിന്നീട് തുറമുഖത്തേക്ക് 4.5 മീറ്റർ ഉയരവും ഏഴുമീറ്റർ വീതിയുമുള്ള അടിപ്പാത (എൽ.വി.യു.പി) നിർമിക്കാൻ അനുമതി നൽകി. തീരദേശപാതയിൽ തോട്ടപ്പള്ളി മുതൽ അമ്പലപ്പുഴവരെയുള്ള 7.55 കിലോമീറ്റർ ദേശീയപാത തന്നെ ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.