തീരദേശ പരിപാലന നിയമം; ഇളവ് രണ്ട് ഗ്രാമപഞ്ചായത്തിൽ മാത്രം
text_fieldsആലപ്പുഴ: തീരദേശ പരിപാലന നിയന്ത്രണ നിയമത്തിലെ ഇളവ് അനുവദിച്ചത് ജില്ലയിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളിൽ മാത്രം. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകൾക്ക് മാത്രമാണ് ഇളവ് ലഭിച്ചത്. ജില്ലയിൽ തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്)യിൽ പെടുന്ന 32 ഗ്രാമ പഞ്ചായത്തുകളും നാല് നഗരസഭകളുമാണ് ഉണ്ടായിരുന്നത്.
ഇവിടങ്ങളിൽ 4536 അനധികൃത നിർമാണങ്ങൾ ഉള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 4300ലേറെയും വീടുകളാണ്. ഇളവിനായി ഇത്രത്തോളം കുടുംബങ്ങളാണ് കാത്തിരുന്നത്. ഇവരുടെ പ്രതീക്ഷകളാണ് പുതിയ പ്രഖ്യാപനത്തോടെ അസ്തമിച്ചത്. ഇവർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നുകഴിഞ്ഞു.
സി.ആർ.ഇസഡ് മൂന്നിലെ പട്ടികയിൽ നിന്ന് സി.ആർ.ഇസഡ് രണ്ടിലെ നഗര പഞ്ചായത്തുകൾ എന്ന ഗണത്തിലേക്ക് മാറ്റിയതിനാലാണ് അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകൾക്ക് ഇളവ് ലഭിച്ചത്. എന്നിരുന്നാലും ഈ രണ്ട് പഞ്ചായത്തുകളിലും ധാതുമണൽ നിക്ഷേപമുള്ള ഇടങ്ങളിൽ ഇളവ് ബാധകമല്ല.
അതിനാൽ ഇഴവ് അനുവദിച്ചുവെങ്കിലും രണ്ട് പഞ്ചായത്തിലും അതിന്റെ ഗുണം ലഭിക്കുക നാമമാത്രം പേർക്കായിരിക്കും. ദേശീയ പാതക്കും കടലിനുമിടയിൽ 1.5 കിലോമീറ്ററോളം മാത്രം വീതിയാണ് ഇളവ് ലഭിച്ച രണ്ട് പഞ്ചായത്തുകൾക്കുമുള്ളത്.
ജില്ലയിൽ നിയന്ത്രണ മേഖലയിൽ തുടരുന്ന മറ്റ് 30 ഗ്രാമ പഞ്ചായത്തുകളിലെയും നാല് നഗരസഭകളിലെയും തീരദേശ വാർഡുകളിൽ ഭവന നിർമാണത്തിന് അനുമതി നൽകുന്നില്ല. ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതിനു പോലും അനുമതി നൽകാത്തതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. സി.ആർ.ഇസഡ് നിയമപ്രകാരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാൻ 2019ന്റെ കരടിന്മേൽ നിർദേശങ്ങളും പരാതികളും തീര പരിപാലന അതോറിറ്റി അംഗങ്ങൾ കഴിഞ്ഞവർഷം ജൂണിൽ നേരിട്ട് ജനങ്ങളിൽ നിന്നും സ്വീകരിച്ചിരുന്നു.
ജില്ലയിലെ നാല് നഗരസഭകളും 32 പഞ്ചായത്തുകളുമാണ് തീരദേശ പരിപാലന പ്ലാനിൽ ഉൾപ്പെടുന്നത്. രേഖാമൂലം 5000 പരാതികൾ അന്ന് ലഭിച്ചു. ഹിയറിങിൽ 1555 പേർ പങ്കെടുത്തിരുന്നു. ഹിയറിങ്ങിൽ പങ്കെടുത്തവരുടെ ആവശ്യങ്ങളും അവർ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളും ബന്ധപ്പെട്ടവർ തെല്ലും പരിഗണിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇളവ് പ്രഖ്യാപനമെന്നാണ് ആക്ഷേപം. നിയന്ത്രണ മേഖലയിൽ പെടുത്തിയ കുട്ടനാട്ടിലെ പഞ്ചായത്തുകൾക്കു പോലും ഇളവ് ലഭിച്ചിട്ടില്ല.
ചൊരിമണല്‍ പ്രദേശങ്ങള്‍ കടലെടുക്കുമെന്ന ഭീതി ഇളവിന് തടസ്സമായി
തീരമേഖലയിലെ ചൊരിമണല്‍ പ്രദേശങ്ങള്‍ അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ കടലെടുക്കുമെന്ന റിപ്പോർട്ടുകൾ ജില്ലയിലെ തീരദേശ മേഖലയിൽ നിർമാണങ്ങൾക്ക് ഇളവ് അനുവദിക്കുന്നതിന് തടസ്സമായതായി സൂചന. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ തീരദേശം കൂടുതല്‍ ദുര്‍ബ്ബലമായതിനാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ തുടങ്ങണമെന്ന ആവശ്യം ഉയർന്നിരുന്നു.
കേരളത്തിന് 590 കി.മീ ദൂരമുള്ള കടല്‍ത്തീരമുണ്ട്. 15-20 വര്‍ഷത്തിനകം ചൊരിമണല്‍ പ്രദേശങ്ങള്‍ കടലെടുക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ജനങ്ങളെ കടല്‍നിരപ്പില്‍ നിന്ന് 50 മീറ്ററെങ്കിലും ഉയരമുള്ള പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണമെന്നാണ് ആവശ്യം.
സർക്കാറുകൾ തീരവാസികളെ വഞ്ചിച്ചെന്ന് ആക്ഷേപം
ആറാട്ടുപുഴ: തീരദേശ പരിപാലന നിയമത്തിലെ ഇളവിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ച പഞ്ചായത്തുകൾ നിരാശയിൽ. തീരവാസികളെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വഞ്ചിക്കുകയായിരുന്നു എന്ന ആക്ഷേപം ഉയർന്നു. തീരവാസികളെ അവരുടെ മണ്ണിൽ നിന്നും ആട്ടിയോടിക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിൽ എന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
ജില്ലയിൽ അർത്തുങ്കൽ മുതൽ ആറാട്ടുപുഴ വരെയുള്ള തീരദേശ പഞ്ചായത്തുകളിൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ പഞ്ചായത്തുകളെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പട്ടികയിൽ നിന്നു ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാണ്. കടലിനും കായലിനും ഇടയിൽ നാട പോലെ കിടക്കുന്ന ആറാട്ടുപുഴ പഞ്ചായത്തിലെ ജനങ്ങൾ നിയമം മൂലം കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്. അമ്പലപ്പുഴ തെക്ക് വടക്ക് പഞ്ചായത്തുകളിൽ ഏഴു വാർഡുകൾക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള ഭരണ, പ്രതിപക്ഷ, ബി.ജെ.പി എം.പിമാരും തീരവാസികളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ വേണ്ട രീതിയിൽ ഇടപെടൽ നടത്തിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ ഇളവ് പ്രഖ്യാപനം. മലയോര മേഖലയിലെ വിഷയങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാന നിയമസഭ ഒന്നടങ്കം പ്രമേയം പാസാക്കിയത് പോലെ ഒരു ഇടപെടൽ ഈ കാര്യത്തിൽ കണ്ടില്ലെന്നും തീരവാസികൾക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.