തീരപരിപാലന നിയമം കുരുക്കായി; പുതിയ കടൽപ്പാലം പ്രതീക്ഷ അകലെ
text_fieldsആലപ്പുഴ: ആലപ്പുഴ ബീച്ചിലെ കടൽ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കിൽ. സഞ്ചാരികളെ ആകർഷിക്കാനാണ് വിവിധ നവീകരണ പദ്ധതികൾക്ക് ബീച്ചിൽ തുടക്കമിട്ടത്.
പൈതൃക പദ്ധതിയുടെ ഭാഗമായി പഴയ കടൽ പാലത്തിന്റെ ശേഷിപ്പുകൾ നിലനിർത്തി സമാന്തരമായി പുതിയ പാലം നിർമിക്കാനുള്ള പദ്ധതിക്ക് കിഫ്ബി 22 കോടി അനുവദിച്ചു. അനുമതി ലഭിക്കാത്തതിനാൽ ടെൻഡർ നടത്താനാകുന്നില്ല. കിഫ്ബിയിൽനിന്ന് ആദ്യം 19 കോടിയാണ് അനുവദിച്ചത്. മൂന്ന് തവണ ടെൻഡർ വിളിച്ചെങ്കിലും തുക കുറവായതിനാൽ ആരും കരാറിൽ പങ്കെടുത്തില്ല. തുടർന്ന് കിഫ്ബിയുടെ എൻജിനീയറിങ് വിഭാഗം ഒരു വർഷം മുമ്പ് എസ്റ്റിമേറ്റ് പുതുക്കി 22 കോടി അനുവദിച്ചു. ഉപ്പുകാറ്റേറ്റ് തുരുമ്പെടുക്കാത്ത വിധം ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പഴയ പാലത്തിലെ റെയിലുകളുടെ അവശിഷ്ടങ്ങൾ തീരത്ത് ബാക്കിയായി നിൽക്കുന്നത് സംരക്ഷിച്ചാവും പുതിയ പാലത്തിന്റെ നിർമാണം. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നിർദേശപ്രകാരമാണ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സമാന്തരപാലം നിർമിക്കാൻ തുക അനുവദിച്ചത്. മറ്റ് തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസ്റ്റ് യാത്രക്കപ്പൽ ആലപ്പുഴയിൽ എത്തിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും സമന്തരപാലം നിർമിക്കാനാകാത്തത് വിനയായി. ലൈറ്റ് ഹൗസിന് വടക്കുഭാഗത്തെ റോഡിന്റെ പടിഞ്ഞാറ് ദിശയിലേക്ക് നിലവിലെ കടൽപാലത്തിനു സമാന്തരമായിട്ടാണ് പുതിയ പാലം നിർമിക്കുന്നത്. ആലപ്പുഴ പട്ടണത്തിന്റെ ശിൽപി രാജകേശവദാസ് ദിവാനായിരുന്ന കാലത്താണ് നിലവിലെ കടൽപാലം നിർമിച്ചത്.
160 വർഷത്തെ പഴക്കമുണ്ട്. പുതിയ പാലത്തിന് 420 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമാണ് നിശ്ചയിച്ചിരിക്കുന്നത്. തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ മറികടക്കാൻ ശ്രമം നടക്കുന്നതായാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.