ഉൽപന്നങ്ങൾക്ക് 50 ശതമാനം റിഡക്ഷൻ; കയർ വിറ്റഴിക്കൽ യജ്ഞവുമായി കയർ കോർപറേഷൻ
text_fieldsആലപ്പുഴ: കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് തീവ്രയജ്ഞവുമായി കയർ കോർപറേഷൻ. നടപ്പുസാമ്പത്തിക വർഷം തന്നെ കെട്ടിക്കിടക്കുന്ന മുഴുവൻ കയർ ഉൽപന്നങ്ങളും വിറ്റഴിക്കാനാണ് നീക്കം. സംസ്ഥാന സർക്കാർ പിന്തുണയോടെ ഉൽപന്നങ്ങൾക്ക് 50 ശതമാനം റിഡക്ഷൻ ഏർപെടുത്തിയതോടെ ആവശ്യക്കാർ ഏറിയിട്ടുണ്ട്. കെട്ടികിടക്കുന്നതിൽ ഏഴ് കോടിയുടെ ഉൽപന്നങ്ങൾ വിറ്റഴിച്ചു. ഇനി 30 കോടിയോളം രൂപയുടെ ഉൽപന്നങ്ങൾ അവശേഷിക്കുന്നുണ്ട്. അതുകൂടി വിറ്റഴിക്കാനാണ് തീവ്രശ്രമം നടത്തുന്നത്.
സംഘങ്ങൾ അടക്കം കയർ ഉൽപാദന ശാലകളിൽനിന്ന് സംഭരിച്ച ഉൽപന്നങ്ങളാണ് കോർപറേഷനിൽ കെട്ടിക്കിടക്കുന്നത്. സംഭരിച്ച് അഞ്ചു വർഷം കഴിഞ്ഞവ കോർപറേഷനിൽ കിടക്കുന്നുണ്ട്. പപ്പട തടുക്ക് എന്ന് നാട്ടുമ്പുറത്ത് പറയപ്പെടുന്ന ബി.സി വൺ, ബി.സി 20 മാറ്റുകളാണ് കൂടുതലും വിറ്റുപോയത്. കടപ്പുറം കയർ ഉപയോഗിച്ച് ചെയ്യുന്ന ബി.സി വൺ മാറ്റുകൾ തീരാറായി. ചകിരിതടുക്കുകളാണ് ഇനി കൂടുതൽ സ്റ്റോക്കുള്ളത്. അതിന് വിലകൂടുതലായത് വിൽപനയെ ബാധിക്കുന്നുണ്ട്.
വിൽപന കൂടുതൽ ആഭ്യന്തര മാർക്കറ്റിൽ
സമാനമായ പലതരം ഉൽപന്നങ്ങളും വിപണിയിലുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ജനം കയറിനെ കൈയൊഴിഞ്ഞിട്ടില്ല. ആഭ്യന്തര മാർക്കറ്റിലാണ് കയർ ഉൽപന്നങ്ങളുടെ വിൽപന കൂടുതൽ. മാറ്റുകൾക്ക് രണ്ട് മാസമായി കുറച്ച് വിദേശ ഓർഡറുകൾ ലഭിക്കുന്നുണ്ട്.
വിലവർധിച്ചതിനാൽ കയറിന്റെ ലഭ്യതക്കുറവുണ്ട്. കയറ്റി അയക്കുന്ന കണ്ടെയ്നർ ചാർജ് നാലിരട്ടിവരെ വർധിച്ചു. ഇത് കയറ്റുമതിയെ ബാധിക്കുന്നു. യുക്രെയിൻ-റഷ്യ യുദ്ധം തുടങ്ങിയതോടെ കപ്പലുകൾ വഴിമാറ്റി വിടുന്നത് ഗതാഗത ച്ചെലവും കൂട്ടിയിട്ടുണ്ട്. ഇതെല്ലാം കയറ്റിയയക്കുന്ന ഉൽപന്നത്തിന്റെ വിലവർധനക്ക് കാരണമായി.
അത് കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. അമേരിക്ക, ഫ്രാൻസ്, ജർമനി, ബ്രിട്ടൺ എന്നിവിടങ്ങളിൽനിന്നാണ് ഓർഡർ ലഭിച്ചിട്ടുള്ളത്. സംഭരിച്ച സമയത്ത് വലിയ വിലയുണ്ടായിരുന്നില്ല. ഇപ്പോഴത്തെ കമ്പോള വിലയുടെ 50 ശതമാനമാണ് ഇളവ് കൊടുക്കുന്നത്. അതിനാൽ കോർപറേഷന് വലിയ നഷ്ടം വരുന്നില്ല. എന്നിരുന്നാലും കുറച്ച് നഷ്ടം വരുന്നുണ്ട്. അത് സർക്കാർ നികത്താമെന്ന് ഏറ്റതിനാലാണ് വിലക്കുറവിൽ വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.