ഗ്രാമീണ ജീവിതത്തിൽ ഇഴചേർന്ന കയർ കൗതുകം
text_fieldsതുറവൂർ: ഗ്രാമജീവിതത്തിന് അഴകും ഭംഗിയും ഉറപ്പും നൽകിയിരുന്നത് ഒരുകാലത്ത് കയറായിരുന്നു. ചേർത്തല താലൂക്കിലെ തുറവൂർ മേഖല അടുത്തകാലം വരെ കയറിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. കേരളത്തിന്റെ സംസ്കാരത്തോടും ചരിത്രത്തോടും ഇഴചേർന്നതാണ് കയർ വ്യവസായം. തെങ്ങിൽനിന്ന് ലഭിക്കുന്ന എന്തും പ്രയോജനപ്പെടുത്താൻ മലയാളികൾ ശീലിച്ചിട്ടുണ്ട്. ചൂട്ട്, കൊതുമ്പ്, തേങ്ങ, തെങ്ങിൻ പൂക്കുല, ഓല എന്നിങ്ങനെ എല്ലാം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. വാണിജ്യ മേഖലയിൽ കയറിന്റെ മികവ് കേരള സംസ്ഥാനത്തെ ലോകപ്രസിദ്ധിയിലേക്ക് ഉയർത്തി.
സമ്പത്തും വ്യവസായവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുക മാത്രമല്ല, വിനോദസഞ്ചാര സാധ്യതകളെ ഉയർത്താനും കയർ മേഖലക്ക് കഴിഞ്ഞു. കയറിന് പ്രകൃത്യായുള്ള തിളക്കം, ദൃഢത, ഈർപ്പം നിലനിർത്താനുള്ള കഴിവ് തുടങ്ങിയവയുണ്ട്. കയറും ഗ്രാമജീവിതവും ഇഴചേർന്ന് കിടക്കുന്നത് നേരിൽ കാണാൻ വിദേശ വിനോദ സഞ്ചാരികൾ ഇന്നും തുറവൂർ മേഖലയിലെത്തുന്നു. തുറവൂരിലെ തീരപ്രദേശങ്ങളും പട്ടണക്കാട് ഗ്രാമപ്രദേശങ്ങളും വയലാർ പഞ്ചായത്തിലെ ചില മേഖലകളിലും കുത്തിയതോട് തഴുപ്പ് മേഖലയിലും ഇപ്പോഴും കയർ ഉൽപന്നങ്ങൾ നിർമിക്കുന്നത് കാണാൻ വിദേശികൾ വരുന്നു.
വിദേശങ്ങളിലെ വീടുകൾ, ആഡംബര അപ്പാർട്ട്മെന്റുകൾ, ഹോട്ടലുകൾ എന്നിവക്ക് ആവശ്യമായ ആഡംബര ഉൽപന്നങ്ങൾ നിർമിക്കാൻ കയർ ഉപയോഗിക്കാറുണ്ടെങ്കിലും കയറിന്റെ നാടായ കേരളത്തിൽ കയർ ഉൽപാദിപ്പിക്കുന്നതും ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതും വിദേശികൾക്ക് കൗതുകമുണ്ട്. നിരവധി തൊഴിലാളികൾ, ലഘുവായ യന്ത്രങ്ങൾ, കൈവേഗതയോടെയുള്ള ദീർഘനാളത്തെ പരിശീലനം... ഇതൊക്കെ മികവുറ്റ കയർ ഉൽപന്നങ്ങൾക്ക് വഴിയൊരുക്കും.
ഇവയുടെ ഓരോ ഘട്ടങ്ങളിലുമുള്ള കാഴ്ചകൾ വിസ്മയകരമാണ്. സ്വാഭാവികമായ കയർജീവിതങ്ങൾ നമുക്ക് നഷ്ടമാവുകയാണ്. കയറിനെ മാത്രം ആശ്രയിച്ച് ജീവിക്കാൻ അരൂർ മേഖലയിലെ ഗ്രാമീണർക്ക് കഴിയാതെയായിരിക്കുന്നു. ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ കയർ ഗ്രാമങ്ങൾ അരൂർ മേഖലയിൽ വിനോദസഞ്ചാര വകുപ്പിന്റെ സഹായത്തോടെ നിലനിർത്തണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.