കലക്ടറുടെ പരാതി പരിഹാര അദാലത്: 244 എണ്ണം തീര്‍പ്പാക്കി
text_fieldsഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്കില്‍ നടന്ന കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 249 പരാതികളിൽ 244 എണ്ണത്തിനും പരിഹാരം. ബന്ധപ്പെട്ട താലൂക്കുതല വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ നേരിട്ടാണ് ഇവ പരിഗണിച്ചത്. കൂടുതല്‍ പരിശോധന ആവശ്യമുള്ളവ തുടര്‍നടപടിക്ക് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കലക്ടര്‍ കൈമാറി.
അദാലത് ദിനത്തിൽ മാത്രം താലൂക്ക് പരിധിയില്‍നിന്ന് 165 എണ്ണം ലഭിച്ചു. നേരത്തേ ലഭിച്ച 84 പരാതിയും ഉൾപ്പെടെയാണ് 249 എണ്ണം പരിഗണിച്ചത്.കുടിവെള്ള പ്രശ്‌നം, അതിര്‍ത്തി പ്രശ്‌നം, വഴിത്തര്‍ക്കം, വീട് നിര്‍മാണം, ബാങ്കിങ്, കൃഷി, അനധികൃത കൈയേറ്റം, വിദ്യാഭ്യാസ സഹായം, സ്വയം തൊഴില്‍ സഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.
ഹരിപ്പാട് ശബരി ഓഡിറ്റോറിയത്തില്‍ നടന്ന അദാലത് കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.എ.ഡി.എം എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ആശ സി. എബ്രഹാം, ജെ. മോബി, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ എസ്. സുമ, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി.എ. സജീവ് കുമാര്‍, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
അശ്വതിക്ക് സാന്ത്വനമേകി അദാലത്
ഹരിപ്പാട്: കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത് വേദിയില്‍ എത്തിയ തലവടി സ്വദേശിനി അശ്വതി അനില്‍കുമാറിന് രണ്ടുകാലിനും സ്വാധീനമില്ലാത്തതിനാല്‍ നടക്കാനാവില്ല. വേദിയിലേക്ക് കയറാനാകാതെ അച്ഛന്റെയൊപ്പം ഓട്ടോയില്‍ കാത്തിരിക്കുകയായിരുന്നു അശ്വതി. ഇതറിഞ്ഞ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ പുറത്ത് എത്തിയാണ് പരാതി ചോദിച്ചറിഞ്ഞത്.
32 വയസ്സുള്ള അശ്വതിക്കും പ്രായമായ അച്ഛനും ജീവിക്കാൻ എന്തെങ്കിലും മാര്‍ഗം വേണം എന്നതായിരുന്നു ആവശ്യം. അശ്വതിയുടെ അമ്മ അഞ്ചുമാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. മകൾക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഓട്ടോഡ്രൈവറായ അച്ഛന് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അറിയിച്ചു.
പത്താം ക്ലാസുവരെ പഠിച്ച അശ്വതി വീട്ടില്‍ ഇരുന്ന് ചെയ്യാനാവുന്ന തൊഴിലാണ് അന്വേഷിക്കുന്നത്. വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് സ്വന്തമായി വീട് ലഭ്യമാക്കാനും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ആവശ്യമായ സഹായം നല്‍കാമെന്ന് കലക്ടര്‍ നല്‍കിയ ഉറപ്പിലാണിവര്‍ ഇവർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.