കോവിഡ് പ്രതിരോധത്തിന് ഓട്ടോമാറ്റിക് സംവിധാനവുമായി കോളജ് വിദ്യാർഥികൾ
text_fieldsആലപ്പുഴ: കോവിഡ് പ്രതിരോധത്തിന് സഹായകമാകുന്ന ഓട്ടോമാറ്റിക് സംവിധാനവുമായി ആലപ്പുഴ എസ്.ഡി കോളജ് വിദ്യാർഥികൾ. ആളുകളുടെ ശരീരോഷ്മാവ് നിർണയിക്കുകയും നിശ്ചിത ഊഷ്മാവിൽ കൂടുതലാണെങ്കിൽ അലർട്ട് നൽകുന്നതുമാണ് ഓട്ടോമാറ്റിക് ടെംപറേച്ചർ മെഷർമെൻറ് ആൻഡ് അലർട്ട് സിസ്റ്റം (എ.ടി.എം.എ.എസ്). കാമറ, താപനില മൊഡ്യൂൾ, അർഡ്വിനേ മൈക്രോ കൺട്രോളർ എന്നിവയുമുണ്ട്. ചലിക്കുന്ന കാമറയായതിനാൽ ഏത് ഉയരത്തിലുമുള്ള ആളുകളുടെയും കൃത്യമായ ഊഷ്മാവ് അളക്കാനാവും.
സ്കാനറുകളുടെ സഹായത്താൽ ഉയർന്ന താപനില ഉള്ളവരെ തിരിച്ചറിയാനും വിവരം വ്യക്തിക്കും ബന്ധപ്പെട്ട അധികാരികൾക്കും അറിയിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. സെൻസറുകളുടെ സഹായത്താൽ സാനിറ്റൈസറും ലഭിക്കും. നിർമാണത്തിന് പുനഃചംക്രമണം ചെയ്ത വസ്തുക്കൾ ഉൾപ്പെടുന്നതിനാൽ ചെലവ് കുറവാണ്. പരീക്ഷണാടിസ്ഥാനത്തിൽ പൂർത്തിയാക്കിയ യന്ത്രത്തിന് 5000 രൂപയാണ് ചെലവായത്.
സ്വകാര്യത നഷ്ടമാകാതെ സന്ദർശകരുടെ വിവരശേഖരണം അടക്കം സാധ്യമാകുന്ന വിധത്തിൽ ഈ സംവിധാനം രൂപപ്പെടുത്താനുള്ള ഗവേഷണവും നടക്കുന്നുണ്ട്. ഫിസിക്സ് വകുപ്പിലെ അവസാനവർഷ ബിരുദ വിദ്യാർഥികളായ അഭിഷേക് ആർ. നാഥ്, മിഥുൻ മോഹൻ, സംഗീത് എസ്. കിണി, അസിസ്റ്റൻറ് പ്രഫ. ഡോ. ശ്രീകാന്ത് ജെ. വർമ എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.