വരുന്നു, മൂന്ന് റെയിൽവേ മേൽപാലം; സാമൂഹികാഘാത പഠനം തുടങ്ങി
text_fieldsആലപ്പുഴ: റെയിൽവേ ബോർഡ് അനുമതി നൽകിയ 27 മേൽപാലങ്ങളിൽ മൂന്നെണ്ണം ജില്ലയിൽ. കായംകുളം, ഓച്ചിറ സ്റ്റേഷനുകൾക്കിടയിൽ താമരക്കുളം റോഡിലെ ലെവൽ ക്രോസ്, ഹരിപ്പാടിനും അമ്പലപ്പുഴക്കും ഇടയിൽ തൃപ്പക്കുടം ഗേറ്റ്, കായംകുളത്തിനും ചേപ്പാടിനും ഇടയിൽ കാക്കനാട് ഗേറ്റ് എന്നിവിടങ്ങളിലാണ് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ മേൽപാലങ്ങൾ നിർമിക്കുക.
ഇതിനു മുന്നോടിയായി സാമൂഹികാഘാത പഠനം കഴിഞ്ഞദിവസം തുടങ്ങി. തൃപ്പക്കുടം മേൽപാലത്തിന്റെ പഠനവും പബ്ലിക് ഹിയറിങ്ങും പൂർത്തിയായി. താമരക്കുളം റോഡ് മേൽപാലത്തിന്റെ പഠനത്തിന്റെ ഭാഗമായി 14ന് പത്തിന് ഓച്ചിറയിൽ യോഗം ചേരും. കായംകുളം, കരുനാഗപ്പള്ളി എം.എൽ.എമാരും കൃഷ്ണപുരം, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും.
നേരത്തേ അനുമതിയായ കൃഷ്ണപുരം മാമ്പ്രക്കുന്നേൽ മേൽപാലത്തിനു സ്ഥലമെടുക്കാൻ തയാറാക്കിയ പാക്കേജിന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പദ്ധതിക്ക് 203 സെന്റ് ഏറ്റെടുക്കണം.
ഇതിൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് ആശ്വാസ തുക നൽകാൻ അനുമതി തേടിയാണ് കലക്ടറേറ്റ് വഴി ലാൻഡ് റവന്യൂ കമീഷണറേറ്റിൽ പാക്കേജ് സമർപ്പിച്ചത്.
ആദ്യം നൽകുന്ന പാക്കേജുകൾക്ക് ആദ്യം അനുമതി എന്നതാണ് കമീഷണറേറ്റിലെ രീതി. പാക്കേജിന് അനുമതി ലഭിച്ചാലേ സ്ഥലമെടുപ്പിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ. സ്ഥലമെടുപ്പ് രൂപരേഖക്ക് നേരത്തേ അംഗീകാരം ലഭിച്ചിരുന്നു. 10 കോടി രൂപ ആദ്യ ഘട്ടമെന്ന നിലയിൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇത് വിനിയോഗിക്കാൻ അനുമതി ലഭിച്ചിട്ടില്ല.
മേൽപാലത്തിന് 505.8 മീറ്റർ നീളമുണ്ടാകും. പുതിയ റോഡിന്റെ നീളം 110.5 മീറ്ററാണ്. 2017-18ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയിൽനിന്ന് പദ്ധതിക്ക് 31.21 കോടിയാണ് അനുവദിച്ചത്.
ജില്ലയുടെ തെക്കൻ മേഖലയിലെ തിരക്കേറിയ റോഡുകളിലുള്ള ലെവൽ ക്രോസുകളിലാണ് മേൽപാലം നിർമിക്കുന്നത്. രണ്ട് വർഷം മുമ്പ് ഈ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളുടെ കണക്കെടുത്തിരുന്നു.
ഒരു മണിക്കൂറിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ വാഹനങ്ങൾ പോകുന്ന ഗേറ്റുകളെയാണ് മേൽപാലം നിർമിക്കാൻ പരിഗണിച്ചത്.
കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന 27 മേൽപാലങ്ങളുടെയും പൂർണ നിർമാണച്ചുമതല കെ -റെയിലിനാകും. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ നിർമിക്കുന്ന മേൽപാലങ്ങളിൽ റെയിൽപാതക്ക് മുകളിൽ നിർമാണം നടത്തുക റെയിൽവേ നേരിട്ടാണ്. അതേസമയം, റെയിൽവേയുടെ സംയുക്ത സംരംഭമായതിനാലും റെയിൽവേ എൻജിനീയർമാർ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനാലും മേൽപാലത്തിന്റെ പൂർണ നിർമാണച്ചുമതല കെ-റെയിലിന് സാധ്യമാകും എന്ന് വിലയിരുത്തിയാണ് അനുമതി. റെയിൽവേ പദ്ധതികൾക്കുള്ള സ്ഥലമെടുപ്പ് വിഭാഗത്തെ പദ്ധതിയുടെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും നടപടികൾ തുടങ്ങാൻ വൈകാനാണിട. നിലവിലുള്ള പദ്ധതികളുടെ ഏറെ ജോലികൾ ബാക്കിയുള്ളതും ജീവനക്കാരുടെ കുറവുമാണ് മുഖ്യ തടസ്സം.
ജില്ലയിൽ ഇപ്പോൾ തന്നെ നാൽപതോളം പദ്ധതികളുടെ സ്ഥലമെടുപ്പ് ജോലികൾ ഈ വിഭാഗത്തിന്റെ ചുമതലയിലുണ്ട്. ഇവക്കെല്ലാം കൂടി ഒരു റവന്യൂ ഇൻസ്പെക്ടറൂം മൂന്ന് സർവേയർമാരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.