ഡോക്ടറെ ഭീഷണിപ്പെടുത്തി; നഗരസഭ വൈസ് ചെയർമാനെ ഒന്നാം പ്രതിയാക്കിയതിൽ വിവാദം
text_fieldsആലപ്പുഴ: ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈനെ ഒന്നാം പ്രതിയാക്കിയതിനെ ചൊല്ലി വിവാദം. തർക്കം നടന്നത് സി.പി.എം കൗൺസിലറും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയുമായ എ.എസ്. കവിതയുമായാണെന്നും അതിനിടക്ക് മധ്യസ്ഥതക്ക് ചെന്നയാൾ ഒന്നാം പ്രതിയായെന്നും സി.പി.ഐ ആരോപിക്കുന്നു.
കേസിൽ ആദ്യം എ.എസ്. കവിതയായിരുന്നു ഒന്നാം പ്രതി. പിന്നീട് സി.പി.ഐക്കാരനായ ഹുസൈനെ ഒന്നാം പ്രതിയാക്കുകയായിരുന്നു. കവിതയെ പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ജില്ല ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങളിൽ അന്വേഷണച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ പക്ഷപാതപരമായാണ് പ്രവർത്തിച്ചതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചു.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള വലിയ ചുടുകാട് പാർക്കിൽ വെച്ച് മർദനമേറ്റ താൽക്കാലിക തൊഴിലാളികളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ആദ്യം സ്ഥിരംസമിതി അധ്യക്ഷയും പിന്നീട് വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈനും ജനറൽ ആശുപത്രിയിൽ എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിക്കേറ്റവരുടെ വിവരങ്ങൾ അന്വേഷിച്ചതല്ലാതെ അത്യാഹിത വിഭാഗത്തിൽ സംഘർഷങ്ങൾ നടന്നിട്ടില്ലെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ എത്തിയ നഗരസഭ അധികാരികളിൽനിന്നും ഒരാളെ ഒഴിവാക്കുകയും രണ്ടാം പ്രതിയെ ഒന്നാം പ്രതിയാക്കുകയും ചെയ്ത അന്വേഷണച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു. ജനപ്രതിനിധികളെ കള്ളക്കേസിൽ കുടുക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ആഞ്ചലോസ് പ്രസ്താവനയിൽ പറഞ്ഞു. ജനറൽ ആശുപത്രിയിലെ ഡോ. അഞ്ജു സെബാസ്റ്റ്യന്റെ പരാതിയിലാണ് പൊലീസ് നടപടി. പി.എസ്.എം. ഹുസൈൻ ഭീഷണിപ്പെടുത്തിയതായി സി.സി ടി.വി ദൃശ്യങ്ങളുടെയും ആശുപത്രി ജീവനക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
ഡോക്ടറുമായി വാക്കേറ്റം ഉണ്ടായിട്ടില്ല -പി.എസ്.എം. ഹുസൈൻ
താനും ഡോക്ടറുമായി തർക്കം ഉണ്ടായിട്ടില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ പറഞ്ഞു. അന്ന് താൻ ചെല്ലുമ്പോൾ രോഗിയുടെ അപ്പുറത്ത് മാറി നിന്ന് ഡോക്ടർ ആരോടൊക്കെയോ സംസാരിക്കുന്നതാണ് കണ്ടതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്കാനിങ് കഴിഞ്ഞ് റിപ്പോർട്ട് കൊടുത്തിട്ട് സമയം കുറെ ആയെന്നും ഡോക്ടർ പരിശോധിക്കാൻ തയാറാകുന്നില്ലെന്നും രോഗിക്ക് പരിചരണം കൊടുക്കുന്നില്ലെന്നും അടുത്തുണ്ടായിരുന്ന ഭാര്യ പറഞ്ഞു. കണ്ട രംഗത്തുനിന്നാണ് താൻ പ്രതികരിച്ചതെന്ന് പി.എസ്.എം. ഹുസൈൻ പറഞ്ഞു. വിവരം ഡോക്ടറോട് തിരക്കിയപ്പോൾ താങ്കൾ ആരാണ് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. അപ്പോൾ പിറകിൽനിന്ന് ആരോ പറഞ്ഞു വൈസ് ചെയർമാനാണെന്ന്. വൈസ് ചെയർമാനല്ല ആരാണെങ്കിലെന്താ എന്നാണ് ഡോക്ടർ തിരികെ ചോദിച്ചത്.
പിന്നീട് ഡോക്ടറോട് സംസാരിച്ചില്ലെന്നും ഹുസൈൻ പറഞ്ഞു. സൂപ്രണ്ടിനെ വിളിച്ചു. അവരും ആർ.എം.ഒയും വന്നു. അവരോടാണ് പിന്നീട് സംസാരിച്ചത്. അവർ നടപടി സ്വീകരിക്കുകയും ചെയ്തു. താൻ പോകുകയും ചെയ്തു. സ്കാനിങ്ങിന് കൊണ്ടുപോകും മുമ്പ് സ്ഥിരംസമിതി അധ്യക്ഷയും ഡോക്ടറുമായി തർക്കമുണ്ടായി എന്ന് പിന്നീടാണ് അറിഞ്ഞത്. പക്ഷേ, അവർ ഇപ്പോൾ പ്രതിസ്ഥാനത്തുനിന്ന് ഒഴിവായി. മാന്യമായി സംസാരിച്ച താൻ പ്രതിയായെന്നും ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.