കലോത്സവ നടത്തിപ്പിന് ഉത്തരവ് ലംഘിച്ച് പണപ്പിരിവ്
text_fieldsആലപ്പുഴ: കലോത്സവ നടത്തിപ്പിന് ഉത്തരവ് ലംഘിച്ച് ‘പണപ്പിരിവ്’. മേള കൊഴുപ്പിക്കാൻ സ്കൂളുകളിൽനിന്ന് അധികതുക വാങ്ങുന്നതിൽ വ്യാപക പരാതി. നടത്തിപ്പിന് സ്കൂളുകളിൽ അധികഫണ്ട് ശേഖരണം പാടില്ലെന്ന ഉത്തരവ് നിലനിൽക്കെയാണ് അധ്യാപക സംഘടനകൾ പിരിവോട് പിരിവ് നടത്തുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽനിന്ന് നിശ്ചിതതുക ഈടാക്കാമെന്ന ഉത്തരവിന്റെ മറവിലാണ് മുഴുവൻ കുട്ടികളിൽനിന്നും പണം വാങ്ങുന്നത്. ഉപജില്ലതല കലോത്സവങ്ങൾ ആഘോഷമാക്കാൻ അധ്യാപക സംഘടനകൾ മുന്നിട്ടിറങ്ങിയാണ് ഫണ്ട് ശേഖരണം. ഇതിനെതിരെ രക്ഷിതാക്കളും ചില അധ്യാപകരും രംഗത്തെത്തി.
ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളിൽനിന്ന് പിരിവ് പാടില്ലെന്നാണ് വിദ്യാഭ്യാസ അവകാശനിയമം പറയുന്നത്. ഇത് പാലിക്കാതെയാണ് നൽകേണ്ട തുക നിശ്ചയിച്ച് കൊടുത്തിരിക്കുന്നത്. ഒന്ന് മുതൽ നാലുവരെ ക്ലാസ് 20, അഞ്ച് മുതൽ ഏഴുവരെ 30, എട്ടിന് 40 രൂപ എന്നിങ്ങനെ നൽകണമെന്നാണ് തീരുമാനം. ഇത് കൂടാതെ ഒമ്പതിലും പത്തിലും പഠിക്കുന്നവർ 50ഉം 11, 12 ക്ലാസ് വിദ്യാർഥികൾ 60 രൂപയും നൽകണമെന്നാണ് നിർദേശം. ഇതു കൂടാതെ അധ്യാപകർ 250 രൂപയും നൽകണം. ഓരോ സ്കൂളിലെയും കുട്ടികളുടെ എണ്ണത്തിന് ആനുപാതിക തുക പ്രിൻസിപ്പൽമാർ പിരിവെടുത്ത് നൽകണമെന്നാണ് നിർദേശം. ഇത് പാലിച്ചില്ലെങ്കിൽ മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്ന ഭീഷണിയുമുണ്ട്.
ഹയർസെക്കൻഡറി പ്രവേശനസമയത്ത് തന്നെ വിദ്യാർഥികളിൽനിന്ന് 50രൂപ വീതം കലാ-കായികമേളയുടെ നടത്തിപ്പിന് ഈടാക്കുന്നുണ്ട്. കലാമേളയുടെ ഫണ്ട് ഇനത്തിൽ ലഭിക്കുന്ന 50 രൂപയിൽനിന്ന് 42.50 രൂപ ഡി.പി.ഐയുടെ പേരിൽ അടക്കും. സ്പോർട്സിനുള്ള 50 രൂപയിൽനിന്ന് 37.50 രൂപ സംസ്ഥാന-ജില്ല-ഉപജില്ല വിഹിതമായും നൽകും. ബാക്കിയുള്ള 12.50 രൂപയാണ് സ്കൂളുകൾക്ക് കിട്ടുക. പ്രവേശനസമയത്ത് എസ്.സി, എസ്.ടി വിദ്യാർഥികൾ ഒഴികെയുള്ള കുട്ടികളിൽനിന്ന് കലാ-കായികമേള ഇനത്തിൽ വാങ്ങിയ തുക കൂടാതെയാണ് വീണ്ടും അതേപേരിൽ പിരിവ് നടത്തുന്നത്.
എന്നാൽ, വിദ്യാർഥികളിൽനിന്ന് നിർബന്ധപിരിവ് നടത്തിയിട്ടില്ലെന്നും രക്ഷിതാക്കളിൽനിന്ന് സംഭാവന സ്വീകരിക്കാറുണ്ടെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. അധ്യാപകർ കഴിയുന്നത് കൊടുക്കാനാണ് പറഞ്ഞിരുന്നത്. ജില്ല വിഹിതമായി ഒമ്പത്, 10,11, 12 ക്ലാസുകളിലെ കുട്ടികളിൽനിന്ന് പണം വാങ്ങാൻ സർക്കാർ ഉത്തരവുണ്ടെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.