തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം: ഭരണിക്കാവിലെ സി.പി.എമ്മിൽ ശുദ്ധികലശം തുടങ്ങി
text_fieldsകറ്റാനം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ രൂക്ഷമായ ഭരണിക്കാവിലെ സി.പി.എമ്മിൽ ശുദ്ധികലശം തുടങ്ങി. രാജിപ്രഖ്യാപനം നടത്തിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ജ്യോതികുമാറിന് പകരക്കാരനായി ഏരിയ കമ്മിറ്റി അംഗം ജി. രമേശ്കുമാറിന് ചുമതല നൽകി.
പ്രസിഡൻറ്-വൈസ് പ്രസിഡൻറ് പദവികൾ കറ്റാനം ലോക്കൽ കമ്മിറ്റി സ്വന്തമാക്കിയതോടെ മൂന്ന് സ്ഥിരം സമിതി അധ്യക്ഷ പദവിയിലും ഭരണിക്കാവിൽനിന്നുള്ളവരെ പരിഗണിക്കാനും ധാരണയായിട്ടുണ്ട്.മൂന്ന് വാർഡിലെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജ്യോതികുമാർ രാജി പ്രഖ്യാപനം നടത്തിയതോടെയാണ് വിഭാഗീയത മറനീക്കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് ഭരണിക്കാവ്-കറ്റാനം ലോക്കൽ കമ്മിറ്റികൾ തമ്മിൽ ഉടലെടുത്ത ശീതസമരവും വിഭാഗീയത രൂക്ഷമാക്കി. മുതിർന്ന നേതാക്കളെ ഒഴിവാക്കി കറ്റാനത്ത് നിന്നുള്ള ബ്രാഞ്ച് സെക്രട്ടറിയായ സുരേഷ് പി. മാത്യുവിനെ വൈസ് പ്രസിഡൻറാക്കിയതിലായിരുന്നു തർക്കം. ഇതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു.
ഏരിയ-ജില്ല നേതൃത്വത്തിനും ഇവർ പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ കൂടിയ ഏരിയ കമ്മിറ്റിയിൽ ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതോടെ വിഷയം ജില്ല സെക്രേട്ടറിയറ്റിന് വിടുകയായിരുന്നു.
ഭാരവാഹികെള നിശ്ചയിച്ചതിൽ കീഴ്ഘടകത്തിന് വീഴ്ച സംഭവിെച്ചന്നാണ് സെക്രേട്ടറിയറ്റ് വിലയിരുത്തിയത്. തുടർന്ന് കൂടിയ ഏരിയ സെൻററിലാണ് രമേശിനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. കൂടാതെ ഭരണിക്കാവിൽ നിന്നുള്ള ശശിധരൻ നായർ, വി. ചെല്ലമ്മ, നിഷ സത്യൻ എന്നിവരെ സ്ഥിരം സമിതി അധ്യക്ഷരാക്കാനും നിർദേശിച്ചു.
വെള്ളിയാഴ്ച വൈകീട്ട് കൂടിയ ലോക്കൽ കമ്മിറ്റിയിൽ ഏരിയ സെക്രട്ടറി കെ. മധുസൂദനനാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. സംഘടന രീതിക്ക് നിരക്കാത്ത തരത്തിൽ രാജിപ്രഖ്യാപനം നടത്തിയ ജ്യോതികുമാറിനെ ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.