എസ്.എഫ്.ഐ ലോക്കൽ സമ്മേളനത്തിൽ സംഘർഷം
text_fieldsകായംകുളം: വിഭാഗീയത രൂക്ഷമായ എസ്.എഫ്.ഐ കരീലക്കുളങ്ങര ലോക്കൽ സമ്മേളനം സംഘർഷത്തിൽ കലാശിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഏരിയ സെക്രട്ടറിയെ മർദിച്ചു.
കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ സമരം ചെയ്തത് പാർട്ടിക്ക് നാണക്കേടായി.
ഏരിയ സെക്രട്ടറി നിഖിൽ തോമസിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ശിപാർശപ്രകാരമാണ് സമ്മേളനത്തിൽ ഭാരവാഹികളെ നിശ്ചയിക്കാറുള്ളത്. പാനൽ അവതരിപ്പിച്ചപ്പോൾ സജീവപ്രവർത്തകരിൽ ചിലരെ ഒഴിവാക്കി.
ഗുണ്ടാ ബന്ധമുള്ളവരെയാണ് ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതേതുടർന്നുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സി.പി.എം ലോക്കൽ സെക്രട്ടറി പ്രശാന്തുമായി ഇതുസംബന്ധിച്ച് ആലോചന നടത്തുന്നതിനിടെയാണ് നിഖിൽ തോമസിനെ മർദിക്കുന്നതത്രെ. ജില്ല കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, ഗീതാഞ്ജലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.
സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സജി ചെറിയാൻ അനുകൂലിക്കാണ് മർദനമേറ്റത്. ജില്ല സെക്രട്ടറി ആർ. നാസറിനെ അനുകൂലിക്കുന്നവരാണ് പ്രശ്നമുണ്ടാക്കിയതത്രെ.
പ്രാദേശിക വിഭാഗീയതയും ഘടകമായി. ഇതിനിടെ, ഭാരവാഹിത്വത്തിൽനിന്ന് പുറത്തായ പ്രവർത്തകർ ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ എത്തി ബഹളം വെച്ചതോടെ വിഷയത്തിൽ നേതാക്കൾ ഇടപെട്ട് താൽക്കാലിക പരിഹാരം കാണുകയായിരുന്നു.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റായിരുന്ന ആഷിഖ് അജയനെ അടുത്തിടെ പാർട്ടിയിൽനിന്ന് പുറത്താക്കിയതും പ്രകോപന കാരണമാണ്. രാമപുരം ക്ഷേത്രോത്സവം അലങ്കോലമാക്കിയതാണ് നടപടിക്ക് കാരണമായത്.
ഇതിൽ ആഷിഖിന് ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോൾ പ്രശ്നം ഉണ്ടാക്കിയതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.