യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിലെ സംഘർഷം; ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളെ വിദഗ്ധ ചികിത്സക്കായി മാറ്റി
text_fieldsആലപ്പുഴ: യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരപരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ല നേതാക്കളെ വിദഗ്ധചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.പി. പ്രവീൺ, ജനറൽസെക്രട്ടറിമാരായ മേഘ രഞ്ജിത്, ശരണ്യ എന്നിവരെയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് മാറ്റിയത്. സ്കാനിങ്ങിൽ ഗുരുതര പരിക്ക് കണ്ടെത്തിയതോടെയാണിത്. ചൊവ്വാഴ്ച പുലർച്ച തിരുവല്ലയിലേക്ക് മാറ്റിയ മേഘ രഞ്ജിത്തിന്റെ കഴുത്തിനാണ് ഗുരുതരപരിക്ക്.
തുടർച്ചയായി ഛർദിച്ചതോടെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് കഴുത്തിനും ഞരമ്പിനും ക്ഷതമുണ്ടെന്ന് തിരിച്ചറിഞ്ഞത്. സംഘർഷത്തിനിടെ പുരുഷ പൊലീസിന്റെ ലാത്തി അടിയേറ്റാണ് മേഘക്ക് ഗുരുതര പരിക്കേറ്റത്.
ബാരിക്കേഡ് തകർത്ത് ആദ്യം പൊലീസ് വലയത്തിലേക്ക് എത്തിയ ജില്ല പ്രസിഡന്റ് എം.പി. പ്രവീണിനെയും വനിതപ്രവർത്തകരെയും ലാത്തികൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. മർദനമേറ്റ സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ വസ്ത്രവും വലിച്ചുകീറിയിരുന്നു.
തലക്കും ശരീരമാസകലവും പരിക്കേറ്റ പ്രവീണിന്റെ തലച്ചോറിന് കാര്യമായ ക്ഷതമുണ്ട്. ആന്തരിക രക്തസാവ്രത്തിന്റെ സാധ്യതയും കണക്കിലെടുത്താണ് ചൊവ്വാഴ്ച വൈകീട്ട് സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയത്.
ശരണ്യയുടെ പരിക്കും ഗുരുതരമാണ്. വയറിന് പരിക്കേറ്റ അരിതബാബുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുദിവസമായി ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകർക്ക് വണ്ടാനം മെഡിക്കൽകോളജിൽ മതിയായ ചികിത്സ കിട്ടിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി.
സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസ് ലാത്തിവീശി ജില്ലനേതാക്കളടക്കം 10പേർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
അതേസമയം, പൊതുമുതൽ നശിപ്പിച്ചതിന് എട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങലയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന് കണ്ടാലറിയാവുന്ന 10പേർക്കെതിരെയും സൗത്ത് പൊലീസ് കേസെടുത്തു. പൊലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തൽ, ബാരിക്കേഡുകൾ തകർക്കൽ, ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച കയർ മുറിച്ചുമാറ്റി എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
നിയമനടപടി സ്വീകരിക്കും-ചെന്നിത്തല
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. വണ്ടാനം മെഡിക്കൽകോളജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ ഡി.ജി.പിക്ക് കത്തും നൽകിയിട്ടുണ്ട്. പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്തിനാണ് ചെറുപ്പക്കാരെ അടിച്ചുകൊല്ലാൻ ശ്രമിക്കുന്നത്. വനിതപ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറുക, നാഭിക്ക് തൊഴിക്കുക, ഭീകരമായി മർദിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുക തുടങ്ങിയ കാടത്തമാണ് പൊലീസ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയില്‍ കഴിയുന്നവരെ മുന്‍ എം.പി വി.എം.സുധീരന്, കൊടിക്കുന്നില്‍ സുരേഷ് എം.പി, മുന്‍ മന്ത്രി കെ.സി. ജോസഫ്, ഡോ.സെറിന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ.ബാബുപ്രസാദ് എന്നിവര്‍ സന്ദര്‍ശിച്ചു.
യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചയാൾ അറസ്റ്റിൽ
കായംകുളം: നവകേരള വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച കേസിൽ സി.പി.എം പ്രവർത്തകൻ ഭരണിക്കാവ് തെക്കേ മങ്കുഴി പാപ്പാടിയിൽ അനൂപ് വിശ്വനാഥൻ (30) അറസ്റ്റിൽ.
ഇരുകാലുകൾക്കും വൈകല്യമുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെയാണ് ആക്രമിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റിയ അജിമോനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.