ഡൽഹിയിലെ കൺഫ്യൂഷൻ; ആലപ്പുഴയിൽ മനംപുകച്ച് കോൺഗ്രസ് നേതാക്കൾ
text_fieldsആലപ്പുഴ: കോൺഗ്രസ് സ്ഥാനാർഥികളുടെ അന്തിമ പട്ടിക വൈകിയതോടെ അഭ്യൂഹങ്ങളും അസംതൃപ്തിയും പുകയുന്നു. പ്രതിപക്ഷ നേതാവിെൻറ ജില്ലയായ ആലപ്പുഴയിൽ അദ്ദേഹത്തിെൻറ ഹരിപ്പാടും ഷാനിമോൾ ഉസ്മാൻ മത്സരിക്കുന്ന അരൂരും ഒഴികെ ആറ് മണ്ഡലത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വരേണ്ടത്. ഒമ്പതിൽ എട്ടിടത്ത് കോൺഗ്രസും കുട്ടനാട്ടിൽ മാത്രം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുമാണ് സീറ്റ്. സീറ്റ് ലഭിക്കുമെന്ന ഉറപ്പിലിരുന്ന പല കോൺഗ്രസ് നേതാക്കളും രണ്ടു ദിവസമായി ടെൻഷനിലാണ്. ഡൽഹി ചർച്ചകളിൽ പട്ടികയിലെ പേരുകൾ മാറിമറിയുന്ന പശ്ചാത്തലത്തിൽ ഇതനുസരിച്ച് നേതാക്കളിൽ മുറുമുറുപ്പും ശക്തമായി.
ആദ്യം കേട്ടതും പരിഗണിച്ചതുമായ പേരുകൾ ഡൽഹിയിൽ ഓരോ മണിക്കൂറിലും മാറ്റി ചർച്ച ചെയ്യുകയോ മുൻഗണനക്രമം മാറുകയോ ചെയ്യുന്നത് അപ്പപ്പോൾ വിവരം കിട്ടുന്നത് സമ്മർദത്തിന് വിവിധ മുറകൾ പ്രയോഗിക്കുന്നതിലാണ് കലാശിക്കുന്നത്. പട്ടികയിൽ കാര്യമായ മാറ്റം വന്നേക്കുമെന്ന സൂചന പുറത്തുവന്നതോടെ അസ്വാരസ്യങ്ങളും ഉയർന്നുകഴിഞ്ഞു. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിെൻറ ഇടപെടലും സ്ഥാനാർഥിമാറ്റത്തിന് പിന്നിലുണ്ട്.
അമ്പലപ്പുഴയിൽ ഉറച്ച പ്രതീക്ഷവെച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ സ്ഥാനാർഥി നിർണയകമ്മിറ്റിയുടെ ചില മാനദണ്ഡങ്ങളിൽ കുരുങ്ങിയതോടെ കലിപ്പിലാണ്. രാജിപോലും ആലോചിക്കുന്നതായാണ് സൂചന. ആലപ്പുഴയിൽ തുടക്കത്തിൽ ഒന്നാമതായിരുന്ന ഡോ. കെ.എസ്. മനോജിെൻറ പേര് പിന്നോട്ടായിരുന്നു രണ്ടുദിവസമായി. ഇതോടെ പകരം വന്ന പേര് ബന്ധപ്പെട്ടവർ ആസ്വദിച്ചിരിക്കെ വെള്ളിയാഴ്ചയായപ്പോൾ വീണ്ടും ഡോ. മനോജിനായി മുൻതൂക്കം. അതിനിടെ, ഡി.സി.സി പ്രസിഡൻറ് എം. ലിജുവിെൻറ പേരും മുന്നിലെത്തി. ഡി. സുഗതനും പരിഗണനയിലുണ്ട്. നഗരസഭ കൗൺസിലർ റീഗോ രാജുവിേൻറതാണ് മറ്റൊരു പേര്. ചേർത്തലയിൽ കഴിഞ്ഞ തവണ പി. തിലോത്തമനോട് പരാജയപ്പെട്ട എസ്. ശരത്, യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹൻ എന്നിവരാണ് പട്ടികയിൽ. വയലാർ രവിയുടെ ഒരു നോമിനിെയയും പരിഗണിക്കുന്നു.
കായംകുളത്ത് ജില്ല പഞ്ചായത്ത് മുൻഅംഗം അരിത ബാബുവാണ് ലിസ്റ്റിൽ മുന്നിൽ. ഇവിടെയും ലിജുവിെൻറ പേരുണ്ട്. മാന്നാർ അബ്ദുൽ ലത്തീഫും ലിസ്റ്റിൽ ഉള്ളതായാണ് വിവരം. ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. ഷാജുവിനാണ് മാവേലിക്കരയിൽ മുൻതൂക്കം. ചെങ്ങന്നൂർ നഗരസഭ മുൻ ചെയർമാൻ കെ. ഷിബുരാജൻ, യൂത്ത് കോൺഗ്രസ് നേതാവ് മിഥുൻകുമാർ എന്നിവരുമുണ്ട് ഇവിടെ. കെ.പി.സി.സി ജനറൽ സെക്രട്ടറി എം. മുരളി ചെങ്ങന്നൂരിൽ മത്സരിക്കാനാണ് സാധ്യത. എന്നാൽ, മാറ്റംമറിച്ചിൽ ആർക്ക് അനുകൂലമാകുമെന്ന് ഉറപ്പില്ല. ബി. ബാബു പ്രസാദ്, എബി കുര്യാക്കോസ്, ജോൺ തോമസ് എന്നീ പേരുകളുമുണ്ട് ഇവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.