കായംകുളം പരാജയത്തിൽ കോൺഗ്രസ് അടിപതറുന്നു
text_fieldsകായംകുളം: നേതൃബാഹുല്യവും ഗ്രൂപ് പോരും കാരണം തെരഞ്ഞെടുപ്പ് കമ്മിറ്റി പോലും രൂപവത്കരിക്കാൻ കഴിയാതിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തിൽ അടിപതറുന്നു.
സദസ്സിനേക്കാൾ വേദിയിലിരിക്കാൻ നേതാക്കളുണ്ടായിട്ടും സ്വന്തം തട്ടകങ്ങൾ പോലും സംരക്ഷിക്കാനാകാത്തത് ചർച്ചയാകുകയാണ്. കേന്ദ്ര-സംസ്ഥാന നേതൃത്വത്തിെൻറ പിന്തുണയും ഏകോപനത്തിന് നേതാവുണ്ടായിട്ടും പ്രവർത്തനങ്ങൾ താഴെ തട്ടിലേക്ക് എത്തിക്കാൻ കഴിയാതിരുന്നതാണ് തോൽവിക്ക് പ്രധാന കാരണം. ദേശീയ നേതാക്കളായ രാഹുൽ, പ്രിയങ്ക എന്നിവർ സൃഷ്ടിച്ച ഒാളവും എതിർപാളയത്തിലെ പടലപ്പിണക്കങ്ങളും വോട്ടായി മാറുമെന്ന അമിത ആത്മവിശ്വാസമാണ് തകർന്നടിഞ്ഞത്.
അതേസമയം സ്വന്തം പാളയത്തിൽനിന്ന് വ്യാപകമായി വോട്ട് ചോർച്ച സംഭവിച്ചെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്രൂപ് പോരിെൻറ അലയൊലിയാണ് ഇതിന് കാരണമായതെന്നാണ് പറയുന്നത്. മുന്നേറ്റം പ്രതീക്ഷിച്ച സ്വന്തം തട്ടകങ്ങളിൽ പോലും വീഴ്ച സംഭവിച്ചതിന് ഇതാണ് കാരണമായതത്രെ. സ്ഥാനാർഥിയുടെ ജന്മനാടായ ദേവികുളങ്ങരയും ടൗൺ നോർത്തും കണ്ടല്ലൂരും കൃഷ്ണപുരവും വൻ മുന്നേറ്റം നൽകുമെന്നായിരുന്നു പ്രതീക്ഷ. ഇതിൽ കണ്ടല്ലൂരും കൃഷ്ണപുരവും യു.ഡി.എഫാണ് ഭരിക്കുന്നത്. തദ്ദേശത്തിൽ സംഭവിച്ച വീഴ്ചക്ക് നോർത്തിൽ പരിഹാരമുണ്ടാകുമെന്നായിരുന്നു വീമ്പുപറച്ചിൽ. ഇവിടങ്ങളിലെല്ലാം വൻ തിരിച്ചടിയാണ് സംഭവിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ നിലപാടുകളാണ് നഗരത്തിെൻറ വടക്കൻ മേഖലയിലെ ആധിപത്യം നഷ്ടപ്പെടുത്തുന്നതിന് പ്രധാന കാരണമായത്. തമ്മിലടി കാരണം കുത്തക മേഖലയിലെ മിക്ക വാർഡുകളും ഇടതുപക്ഷം നേടിയിരുന്നു. ഇടത് കൗൺസിലർമാരുടെ നേതൃത്വത്തിൽ ചിട്ടയോടെ വാർഡുകളിൽ നടത്തിയ പ്രവർത്തനം കോൺഗ്രസിെൻറ അടിത്തറയാണ് ഇളക്കിയത്. നഗരത്തിലും ഒാരോ പഞ്ചായത്തിലും കെ.പി.സി.സി-ഡി.സി.സി ഭാരവാഹികളുടെ നീണ്ട നിരയാണുള്ളത്. ഇവർ തമ്മിലുള്ള മൂപ്പിളമ തർക്കങ്ങൾ പരിഹരിക്കാൻതന്നെ നല്ലൊരു സമയം പാഴായെന്നാണ് അണിയറ സംസാരം. പൊതുയോഗങ്ങളിലെയും റോഡ്ഷോകളിലെയും സാന്നിധ്യമല്ലാതെ താഴെ തട്ടിൽ പ്രവർത്തനം നടത്തുന്നതിൽ ഇവരുടെയൊന്നും ഇടപെടലുകളുണ്ടായില്ലായെന്നാണ് ആക്ഷേപം. ചുരുക്കം ചിലർ മാത്രമാണ് ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചത്. സ്വന്തം ബൂത്തിൽ വോട്ട് തേടൽ എന്ന പരിപാടിയിൽ ഫോേട്ടാ സെഷനായി പേരിന് മാത്രം വീട് കയറിയെന്നത് മാത്രമാണ് അപവാദം.
അടിത്തറയില്ലാത്ത മേൽക്കൂരയുമായി പ്രവർത്തിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന ആക്ഷേപമാണ് ഉയരുന്നത്. തിരുത്തലുകളുണ്ടായില്ലെങ്കിൽ മേൽക്കൂരയും താഴെ വീഴുമെന്നാണ് സമൂഹ മാധ്യമങ്ങളിലുയരുന്ന വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.