എരമല്ലൂർ-കുടപുറം പാലം നിർമാണം: അലംഭാവം തുടർന്ന് സർക്കാർ
text_fieldsഎരമല്ലൂർ: എരമല്ലൂർ-കുടപുറം ഫെറിയിൽ പാലം നിർമിക്കുന്നതിൽ സർക്കാർ അലംഭാവം തുടരുന്നു. ബജറ്റിൽ ഇത്തവണയും തുക വകയിരുത്തിയില്ല. എഴുപുന്ന, അരൂർ, കോടംതുരുത്ത്, അരൂക്കുറ്റി, പാണാവള്ളി തുടങ്ങിയ ഗ്രാമപഞ്ചായത്ത് മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്ന എരമല്ലൂർ-കുടപുറം ഫെറിയിൽ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പെരുമ്പളം, പെരുമ്പളം-പൂത്തോട്ട, മണപ്പുറം-ചെമ്മനാകരി, മാക്കേകടവ്-നേരെകടവ്, തവണക്കടവ്- വൈക്കം തുടങ്ങിയ ഫെറികളിൽ ബോട്ട് ചങ്ങാടം, ജങ്കാർ സർവിസുകൾ തുടങ്ങിയതോടെ എരമല്ലൂർ-കുടപുറം ഫെറിയിലൂടെയുള്ള വാഹന യാത്രികരുടെ എണ്ണം കൂടിവരുകയാണ്. എന്നാൽ, രാത്രി സർവിസ് എട്ട് മണിയോടെ അവസാനിക്കുന്നതുമൂലം വാഹനയാത്രക്കാർ കിലോമീറ്ററുകൾ അധികയാത്ര ചെയ്യേണ്ട ഗതികേടിലാണ്. പലപ്പോഴും യന്ത്രത്തകരാർ മൂലം ചങ്ങാട സർവിസുകൾ മുടങ്ങുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
പാലം നിർമാണത്തിനായി വർഷങ്ങൾക്കു മുമ്പ് മണ്ണുപരിശോധന നടത്തിയെങ്കിലും പിന്നീട് വന്ന സർക്കാറുകൾ തുടർനടപടികൾ സ്വീകരിച്ചില്ല. എരമല്ലൂർ-കുടപുറം ഫെറിയിൽ പാലം യാഥാർഥ്യമായാൽ എരമല്ലൂരിൽനിന്ന് കോട്ടയത്തേക്ക് 18 കിലോമീറ്റർ ദൂരം കുറയുമെന്ന് ചൂണ്ടിക്കാണിക്കുന്നു. എരമല്ലൂർ, കുടപുറം, പൂച്ചാക്കൽ, മാക്കേകടവ്, നേരെകടവ്, കുലശേഖരമംഗലം, വൈക്കം, തലയോലപ്പറമ്പുവഴി കോട്ടയത്ത് എത്താൻ സമയവും കുറച്ച് മതിയാകും.
അരൂർ-അരൂക്കുറ്റി പാലത്തിൽ എന്തെങ്കിലും തടസ്സം ഉണ്ടായാൽ സമാന്തരമായി ഉപയോഗിക്കാൻ കഴിയുന്ന ഗതാഗതമാർഗവുമാണ് കുടപുറം-എരമല്ലൂർ പാലം. എരമല്ലൂർ-കുടപുറം പാലം നിർമാണം അരൂർ നിയോജക മണ്ഡലത്തിലെ പ്രധാന വികസന അജണ്ടയായി ജനപ്രതിനിധികൾ കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.