രണ്ടാംഘട്ട നിർമാണച്ചെലവ് 10.92 കോടി; ഇ.എം.എസ് സ്റ്റേഡിയത്തിൽ ഫുട്ബാൾ ടർഫ് നിർമാണം തുടങ്ങി
text_fieldsആലപ്പുഴ: നഗരഹൃദയത്തിലെ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഫുട്ബാൾ ടർഫ് കോർട്ട് നിർമാണം തുടങ്ങി. രണ്ടാംഘട്ട നവീകരണ പദ്ധതിയിൽപെടുത്തി കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് ഗ്രൗണ്ടിൽ മെറ്റൽ വിരിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. ഫിഫ സ്റ്റാൻഡേർഡ് നാച്യുറൽ ടർഫ് ഫുട്ബാൾ ഗ്രൗണ്ടാകും ആദ്യമുയരുക. ഇതിനായി പ്രകൃതിദത്ത പുല്ലാണ് ഉപയോഗിക്കുന്നത്.
താരങ്ങൾക്കുള്ള ഡ്രസിങ് മുറിയും നാലുവശത്തെ ഡ്രൈനേജ് സംവിധാനവും പൂർത്തിയായെന്ന് ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. കോർട്ട് ഡിസംബറിൽ തുറക്കും. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ലോങ് ജംപ് പിറ്റ്, ത്രോ ഇവന്റ് പിച്ച് എന്നിവയുണ്ടാകും. 10.92 കോടിയാണ് രണ്ടാംഘട്ട നിർമാണച്ചെലവ്. അധികൃതരുടെ അനാസ്ഥയിൽ ഫുട്ബാൾ അടക്കമുള്ള മത്സരങ്ങൾക്കും മറ്റ് കായികഇനങ്ങളുടെ ട്രാക്കും ഫീൽഡും ഒരുക്കുമെന്ന അധികൃരുടെ പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വികസനം വരുമെന്ന പ്രതീക്ഷയിൽ പ്രഖ്യാപിച്ച രണ്ടാംഘട്ട പദ്ധതിയും പാതിവഴിയിലാണ്.
അനുബന്ധമായുള്ള നഗരസഭ കെട്ടിടത്തിലെ മുറികളും പൊട്ടിപ്പൊളിഞ്ഞു. കായികതാരങ്ങളെ അത്ലറ്റിക് ട്രാക്കിലും ഫീൽഡിലും പരിശീലനം നൽകാനും മികച്ച ഫുട്ബാൾ താരങ്ങളെയും വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്റ്റേഡിയം നിർമാണത്തിന് തുടക്കമിട്ടത്. 2006ൽ പി.പി. ചിത്തരഞ്ജൻ ചെയർമാനായിരുന്ന കാലത്ത് 14.5 കോടി മുടക്കിയാണ് ഒന്നാംഘട്ട പ്രവർത്തനം തുടങ്ങിയത്. 2010ൽ ഒന്നാംഘട്ടം പൂർത്തിയായെങ്കിലും തുടർനടപടിയുണ്ടായില്ല. 2017ൽ കിഫ്ബിയിലൂടെ 8.62കോടിയുടെ നവീകരണത്തിന് ഭരണാനുമതി കിട്ടിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് നാശത്തിന്റെ വക്കിലേക്ക് കുപ്പുകുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.