കുമ്പളങ്ങി പാലം നിർമാണം: ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ
text_fieldsഅരൂർ: അരൂർ കെൽട്രോൺ-കുമ്പളങ്ങി പാലം നിർമാണത്തിനുവേണ്ടി അരൂർ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടി മന്ദഗതിയിൽ. അതേസമയം, പാലത്തിന്റെ അങ്ങേക്കരയിലുള്ള കുമ്പളങ്ങി വില്ലേജിലെ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. കുമ്പളങ്ങി വില്ലേജിലെ ഭൂമി ഏറ്റെടുക്കാൻ 5.7കോടി രൂപ തഹസിൽദാർക്ക് കൈമാറിയതായി കൊച്ചി എം.എൽ.എ കെ.ജെ. മാക്സി അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടിക്ക് ഭൂമി ഏറ്റെടുക്കൽ നടപടി ഇതോടെ വേഗത്തിലാവും.
അരൂർ വില്ലേജിലെ ഭൂമി ഏറ്റെടുക്കൽ തർക്കങ്ങളിൽ കുടുങ്ങി തടസ്സങ്ങളിൽ കിടക്കുകയാണ്.എറണാകുളം കിഫ്ബി ഡിവിഷനാണ് കൊച്ചി നിയോജകമണ്ഡലത്തിൽപെടുന്ന കുമ്പളങ്ങിയിലെ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. കിഫ്ബി എറണാകുളം ഡിവിഷൻ ആലപ്പുഴ ജില്ലയിൽ പെടുന്ന അരൂർ പ്രദേശത്തെ സ്ഥലം ഏറ്റെടുക്കൽ നടപടി നടത്തുവാൻ തയാറാകാത്തതാണ് തടസ്സങ്ങൾക്ക് കാരണം.
കിഫ്ബിയുടെ ആലപ്പുഴ ഡിവിഷൻ അരൂർ കരയിലെ ഭൂമി ഏറ്റെടുക്കൽ നടപടി നടത്തുവാൻ തയാറായിട്ടുണ്ട്.കെൽട്രോൺ ഫാക്ടറിക്ക് സമീപം കെൽട്രോൺ ഫെറി- അരൂർ റോഡിലൂടെയാണ് പാലത്തിന്റെ അരൂർ ഭാഗത്തെ അപ്രോച്ച് റോഡ് നിർമിക്കുന്നത്. അതുകൊണ്ട് അരൂരിൽ അധികമായി സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്ന് പറയുന്നു. എറണാകുളം കിഫ്ബിക്കാണ് പാലത്തിന്റെ നിർമാണച്ചുമതല. അതുകൊണ്ട് പാലംപണി ആരംഭിക്കുന്നത് കുമ്പളങ്ങിക്കരയിൽനിന്നായിരിക്കും.
പതിറ്റാണ്ടുകളായുള്ള കുമ്പളങ്ങി നിവാസികളുടെ ആവശ്യമാണ് അരൂരിലേക്കുള്ള പാലം. കുമ്പളങ്ങി കായലിന് കുറുകെവരുന്ന പാലം കുമ്പളങ്ങി നിവാസികളുടെ യാത്ര ആവശ്യങ്ങൾക്ക് വലിയ പരിഹാരം ഉണ്ടാക്കും. അരൂരിലെ ദേശീയപാതയിൽ എത്തുന്നതിനും അരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തുറവൂർ-പമ്പ പാതയിൽ എത്തുവാനും നിർദിഷ്ട പാലം സഹായിക്കും. കുമ്പളങ്ങി കായൽ കടക്കുവാൻ ഇപ്പോൾ ബോട്ട് കെട്ടിവലിക്കുന്ന ചങ്ങാടമാണ് ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.