ജില്ല കോടതിപാലം നിർമാണത്തിന് തുടക്കം
text_fieldsആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ ജില്ല കോടതിപാലം നിർമാണത്തിന് തുടക്കമായി. നഗരഹൃദയഭാഗത്ത് ആലപ്പുഴ-അമ്പലപ്പുഴ മണ്ഡലങ്ങളെ വേർതിരിക്കുന്ന വാടക്കനാലിന് കുറുകെയാണ് പുതിയ പാലത്തിന്റെ നിർമാണത്തിന് തുടക്കമായത്. നിലവിലെ ഇടുങ്ങിയ പാലത്തിലൂടെയുള്ള യാത്ര ഏറെ ദുരിതമായിരുന്നു. ഗതാഗതതടസ്സം മൂലം പലപ്പോഴും കാൽനടപോലും പറ്റാത്ത അവസ്ഥയായിരുന്നു.
നിലവിലെ പാലം പൊളിച്ച് കൂടുതൽ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാൻ കഴിയുന്ന റൗണ്ട് ടേബിൾ പാലത്തിന്റെ നിർമാണത്തിനാണ് തുടക്കമായത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഒന്നാം പിണറായി സര്‍ക്കാറാണ് ആലപ്പുഴക്ക് പദ്ധതി അനുവദിച്ചത്. 2016 ഒക്ടോബറിൽ ഭരണാനുമതിയും 2021 ഫെബ്രുവരിയില്‍ 120.52 കോടിയുടെ സാമ്പത്തിക അനുമതിയും ലഭിച്ചു. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ച് ടെൻഡര്‍ നടപടികള്‍ കൈക്കൊണ്ടു. 2024 ജൂലൈയിൽ കരാറുകാരന് എല്‍.ഒ.എ നല്കി ആഗസ്റ്റിൽ കരാര്‍ ഒപ്പുവെച്ചു. ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍ നിർമാണക്കമ്പനിയാണ് പ്രവൃത്തികൾ ഏറ്റെടുത്തത്.
രണ്ടുവര്‍ഷം കൊണ്ട് നിർമാണം പൂര്‍ത്തിയാകും. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പുറമെ നഗരത്തിന്റെ സൗന്ദര്യം ഏറെ വർധിപ്പിക്കുന്ന നിർമാണം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. കൂടാതെ, പാലം പൂർത്തിയാകുന്നതോടെ നഗരത്തിലെത്തുന്നവരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാകും. കനാലിന്റെ ഇരുകരയിലും മൂന്ന് ലൈൻ വീതമുള്ള ഗതാഗതമുണ്ടാകും. അഞ്ചരമീറ്റർ വീതിയിൽ ഫ്ലൈ ഓവറും ഏഴരമീറ്റർ വീതിയിൽ അടിപ്പാതയും വെളിയിൽ അഞ്ചര മീറ്റർ വീതിയിൽ റാമ്പുകളുമുണ്ടാകും.
ഫ്ലൈ ഓവറുകളിലും റാമ്പുകളിലും ഓരോ ദിശയിലേക്കുള്ള ഗതാഗതവും അടിപ്പാത വഴി ഇരുഭാഗത്തേക്കും ഗതാഗതവുമുണ്ടാകും. കനാലിന്റെ വടക്കേക്കരയിൽ വരുന്ന ഫ്ലൈ ഓവറുകളുടെ പൈലിങ് ജോലികൾക്കാണ് തിങ്കളാഴ്ച രാവിലെ തുടക്കമായത്. എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, കലക്ടർ അലക്സ് വർഗീസ്, നഗരസഭാ ചെയർപേഴ്സൻ കെ.കെ. ജയമ്മ, കൗൺസിലർ കെ. ബാബു, കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ റിജോ തോമസ് മാത്യു, അസി. എൻജിനീയർ ജയകുമാർ, കരാറുകാരൻ െറജി ചെറിയാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.