തുറവൂർ-അരൂർ ഉയരപ്പാത നിർമാണം: മഴയത്ത് ചളി, വെയിലത്ത് പൊടി; വലഞ്ഞ് യാത്രക്കാർ
text_fieldsതുറവൂർ: തുറവൂർ-അരൂർ ഉയരപ്പാത നിർമാണസ്ഥലത്ത് ചളിയും പൊടിയും ശല്യമാകുന്നു. മഴപെയ്താൽ ചളി നിറയും. മഴ മാറി വെയിൽ വന്നാൽ പൊടി ശല്യവും.
റോഡിന്റെ ഇരുവശത്തും പൂഴിമണൽ, സിമന്റ് എന്നിവ ഇട്ടിരിക്കുന്നതാണ് വെയിലിൽ ഉണങ്ങി പൊടിയായി ഉയരുന്നത്. മഴവെള്ളം കെട്ടിക്കിടന്ന് ചളിയാകുകയും ചെയ്യുന്നു.
ചളിയിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ പതിവാകുന്നുണ്ട്. മഴക്കിടയിൽ വെയിലെത്തിയപ്പോൾ തന്നെ റോഡുകളിൽ പൊടിശല്യം അതിരൂക്ഷമായി. ഉയരപ്പാത നിർമാണം ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നതിനു പിന്നാലെയാണ് പുതിയ ദുരിതം. തമ്മിൽ കാണാനാകാത്ത വിധം പൊടി ശല്യം രൂക്ഷമാകുന്നുണ്ട്. ഇരുചക്രവാഹന യാത്രികർക്കും കാൽനടക്കാർക്കും സൈക്കിൾ യാത്രികർക്കുമാണ് പൊടി ശല്യം ഏറെ ദുരിതമാകുന്നത്. സർവിസ് റോഡുകൾ ശരിയാക്കാൻ ചെറിയ മെറ്റലും സിമന്റും ചേർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്.
പലഭാഗത്തും മെറ്റൽ ഉറപ്പിക്കാത്തതിനാലാണ് പൊടി ഉയരുന്നത്. പൂഴിമണലിന്റെ പൊടിയും രൂക്ഷമാണ്. മഴപെയ്താൽ നിർമാണം നടക്കുന്ന റോഡിന്റെ ഇരുവശത്തും ചളിയും രൂപപ്പെടും. വെള്ളം പമ്പ് ചെയ്ത് റോഡ് വൃത്തിയാക്കിയാൽ മാത്രമേ പൊടിശല്യത്തിന് കുറച്ചെങ്കിലും ശമനം വരുത്താൻ കഴിയുകയുള്ളൂ. പാലത്തിന്റെ തൂണുകൾ നാട്ടാൻ കുഴിയെടുക്കുമ്പോൾ ഉയരുന്ന ചളിയും റോഡിന്റെ പലഭാഗത്തും അലക്ഷ്യമായി കിടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.