പൂച്ചാക്കൽ തോട് മലിനമാക്കൽ; കർശന നടപടി
text_fieldsപൂച്ചാക്കൽ: പൂച്ചാക്കൽ തോട് മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. മാരകമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയ തോട് ശുചിയാക്കാനും തീരുമാനമായി.
അമീബ മൂലമുണ്ടായ മസ്തിഷ്കരോഗം ബാധിച്ച് വിദ്യാർഥി മരിക്കാനുണ്ടായ സാഹചര്യത്തെ തുടർന്നാണ് ഈ തീരുമാനം. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ആരോഗ്യ വിഭാഗം വിളിച്ചുകൂട്ടിയ വ്യാപാരി വ്യവസായി യോഗത്തിലാണ് തീരുമാനം. പീലിങ് ഷെഡുകൾ, വീടുകൾ, കുളിമുറി എന്നിവിടങ്ങളിൽനിന്നും മാലിന്യം തള്ളുന്നവരെ പിടികൂടും.
വാഹനങ്ങളിൽ വഴി കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കും. പൂച്ചാക്കൽ തോടിന്റെ ഇടത്തോടുകൾ ശുചിയാക്കാനും മലിനമാകാതിരിക്കാനും സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പാക്കും.
പൂച്ചാക്കൽ മാർക്കറ്റിൽനിന്ന് തോട്ടിലേക്ക് മലിനജലം ഒഴുക്കുന്ന കാന അടക്കും. തോട് ശുചിയാക്കാനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ തുടങ്ങിയവർ കലക്ടറെ നേരിൽ കണ്ടു. ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനമെടുക്കാമെന്ന് കലക്ടർ ഉറപ്പുനൽകിയതായി ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.