ആലപ്പുഴയിൽ അറവുമാലിന്യം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് നഗരസഭ
text_fieldsആലപ്പുഴ: നഗരത്തിൽ അറവുമാലിന്യം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് നഗരസഭ കൗൺസിൽ യോഗം. അറവുമാലിന്യം സംസ്കരിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇറച്ചിവിപണനത്തിനുമാത്രം അനുമതി നൽകിയാൽ പോരെന്നും വ്യാപാരസ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തണമെന്നുമായിരുന്നു കൗൺസിലർമാരുടെ ആവശ്യം. അറവുമാലിന്യം ജലാശയങ്ങളിലടക്കം തള്ളുന്ന പ്രവണത വർധിക്കുകയാണ്.
വഴിയോര മത്സ്യവ്യാപാരവും വർധിക്കുന്നുണ്ട്. ഇവർ മലിനജലം വഴിയോരങ്ങളിൽ ഒഴുക്കുന്നതിനെതിരെ പ്രദേശവാസികളുടെ പരാതികൾ കൂടുന്നുണ്ടെന്നും കൗൺസിലിൽ അഭിപ്രായമുയർന്നു. നഗരത്തിലെ മത്സ്യ-മാംസ വ്യാപാരികളുടെ യോഗം വിളിച്ചുചേർക്കണമെന്നും പരിശോധനകൾ കർശനമാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
നടപടി കർശനമാക്കുമ്പോൾ ഇളവുകൾ തേടി കൗൺസിലർമാർ ആരോഗ്യവിഭാഗത്തെ സമീപിക്കരുതെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് പ്രതികരിച്ചു. ആരോഗ്യവിഭാഗത്തിെൻറ നടപടി കർശനമാക്കും. മുൻകൗൺസിലിെൻറ മുൻകൂർ അനുമതിനേടിയ പദ്ധതികൾ അംഗീകരിക്കുന്നതിനായിരുന്നു കൗൺസിൽ. മുൻകൗൺസിലിെൻറ ഭൂരിഭാഗം അജണ്ടകളും കൗൺസിൽ പാസാക്കി. പി.എസ്.എം. ഹുസൈൻ, കെ.കെ. ജയമ്മ, റീഗോ രാജു, മനു ഉപേന്ദ്രൻ, എം.ആർ. പ്രേം, എ. ഷാനവാസ്, സി. അരവിന്ദാക്ഷൻ, കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.
കുടിവെള്ളവിതരണം കാര്യക്ഷമമാക്കും
നഗരത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കൗൺസിൽ തീരുമാനം. ആവശ്യത്തിന് ടാങ്കർ ലോറികളും വള്ളങ്ങളും വാടകക്കെടുത്ത് വെള്ളമെത്തിക്കും. കുടിവെള്ളം ആവശ്യമായ വാർഡുകളിൽ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ക്രമം നിശ്ചയിച്ച് ശുദ്ധജലവിതരണം ഉറപ്പാക്കും. നഗരത്തിൽ കുഴൽക്കിണറുകളുടെ നിലവിലെ സാഹചര്യം പരിശോധിക്കാനും കൗൺസിൽ തീരുമാനിച്ചു.
ലേബർ ബജറ്റിന് അംഗീകാരം
നഗരസഭയിൽ 2021-22 വർഷത്തേക്ക് ലേബർ ബജറ്റും കർമപദ്ധതിയും തയാറാക്കി അംഗീകരിച്ചു. 10.40 കോടി രൂപയുടേതാണ് ലേബർ ബജറ്റ്. ഇതിലൂടെ 3,22,360 തൊഴിൽദിനമാണ് സൃഷ്ടിക്കുക. പി.എം.എ.വൈ ഭവന നിർമാണത്തിന് 2.70 കോടി, എയ്റോബിക് പ്ലാൻറ് പരിപാലനത്തിന് നാലുകോടി, ക്ഷീരകർഷകർക്ക് 39 ലക്ഷം, മഴക്കാലപൂർവ ശുചീകരണത്തിന് 55 ലക്ഷം, പ്ലാസ്റ്റിക് ശേഖരണത്തിന് 16 ലക്ഷം, തോട്, കാന വൃത്തിയാക്കുന്നതിന് 55 ലക്ഷം, കൃഷിത്തോട്ടം ഒരുക്കുന്നതിന് 60 ലക്ഷം, നഗരസഭ ഓഫിസ് ഗാർഡനിങ്ങിന് ആറുലക്ഷം, നടപ്പാത നിർമാണം-പേവറിങ് 55 ലക്ഷം, നടപ്പാത നിർമാണം കോൺക്രീറ്റിങ് -55 ലക്ഷം, നടപ്പാത നിർമാണം -ഗ്രാവലിങ് 27 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
മുൻ ചെയർമാൻ പേരിനുവേണ്ടി സമരരംഗത്തെന്ന്
ആലപ്പുഴ: നഗരത്തിലെ കുടിവെള്ളപ്രശ്നവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടും മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പേരിനുവേണ്ടി സമരരംഗത്തെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ്. മുൻ ചെയർമാൻ അനുമതി നൽകിയവ പാസാക്കുന്നതിന് ചേർന്ന കൗൺസിലിലാണ് മുൻ ചെയർമാനെ ഭരണപക്ഷം അന്വേഷിച്ചത്. കുടിവെള്ളപ്രശ്നത്തിൽ ജലഅതോറിറ്റി ഓഫിസ് ഉപരോധത്തിലാണ് അദ്ദേഹമെന്നാണ് യു.ഡി.എഫ് അംഗങ്ങൾ മറുപടി നൽകിയത്.
കുടിവെള്ള വിഷയത്തിൽ ആവശ്യത്തിന് ടാങ്കറും വെള്ളം ലഭ്യമാക്കുന്നതിന് ആരോഗ്യവിഭാഗം ജീവനക്കാരെയും കഴിഞ്ഞദിവസംതന്നെ ക്രമീകരിച്ചെന്നും നഗരസഭ അധ്യക്ഷ മറുപടി നൽകി. സൗകര്യങ്ങൾ ഒരുക്കിയിട്ടും പേരിനുവേണ്ടി സമരത്തിന് പോയെന്നായിരുന്നു കുറ്റപ്പെടുത്തൽ. മുൻ ചെയർമാൻ മറുപടി പറയേണ്ട കാര്യങ്ങളിൽ മറുപടി നൽകാൻ അദ്ദേഹം കൗൺസിലിൽ ആവശ്യമുണ്ടെന്നും തിരിച്ചുവിളിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.