ഓണത്തിരക്കിൽ നാടും നഗരവും
text_fieldsആലപ്പുഴ: ഓണത്തിരക്കിൽ നാടും നഗരവും. ഉത്രാടപ്പാച്ചിലിൽ കണ്ണുംനട്ട് വ്യാപാരികൾ. സദ്യവട്ടങ്ങളും മറ്റ് സാധനങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങാൻ തിരുവോണത്തലേന്നായ ഉത്രാടത്തിലാണ് ആളുകളുടെ നെട്ടോട്ടം.വസ്ത്രശാലകൾ, ഗൃഹോപകരണം, മൊബൈൽ സ്ഥാപനങ്ങൾ, പച്ചക്കറി, പലചരക്ക് കടകൾ, കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്, കുടുംബശ്രീ എന്നിവിടങ്ങളിൽ വൻതിരക്കാണ്. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. പച്ചക്കറി മുതൽ പലവ്യഞ്ജനങ്ങൾക്കുവരെ വിപണിയിൽ പൊള്ളുംവിലയാണ്. ഏത്തക്കായയുടെയും ഉപ്പേരിയുടെയും ശർക്കരവരട്ടിയുടെയും തീവില ഓണത്തിന്‍റെ നിറംകെടുത്തിയിട്ടുണ്ട്.
ഉപ്പുതൊട്ട് കർപ്പൂരംവരെ കിട്ടുന്ന മുല്ലയ്ക്കൽ തെരുവിലാണ് വൻതിരക്കുള്ളത്. ആഘോഷനാളുകളിൽ നെഹ്റു ട്രോഫി വള്ളംകളിയെത്തിയതും വ്യാപാരമേഖലക്ക് ഗുണകരമായി.നെഹ്റുട്രോഫിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ പരിപാടികളും ഓണാഘോഷത്തിന് മികവേകി. വസ്‌ത്ര, ഗൃഹോപകരണ വ്യാപാരസ്ഥാപനങ്ങളിൽ വൻഓഫറുകളും സമ്മാനങ്ങളും നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
തിരക്ക് വർധിച്ചതോടെ പ്രധാനറോഡുകളിലും ഇടറോഡുകളിലെയും അനധികൃത പാർക്കിങ്ങാണ് പ്രധാന പ്രശ്നം. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് നഗരത്തിലെത്തുന്നത്. വസ്ത്രാലയങ്ങളിലും ഗൃഹോപകരണ സ്ഥാപനങ്ങൾക്ക് മുന്നിലും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല. ഇതിനാൽ വഴിയോരത്ത് മിക്കവാഹനങ്ങളും പാർക്ക് ചെയ്യുന്നത്. പലയിടത്തും നിയന്ത്രിക്കാൻ പൊലീസിന്‍റെ സാന്നിധ്യമില്ലാത്തതിനാൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണവും കൂടും.
ബൈപാസ് തുറന്നതിന് പിന്നാലെ ഗതാഗതക്കുരുക്കിന് നേരിയ ശമനമുണ്ടായെങ്കിലും കടകളും കടകമ്പോളങ്ങളും പ്രവർത്തിക്കുന്ന നഗരത്തിലാണ് വാഹനത്തിരക്ക് ഏറെയുള്ളത്. തിങ്കളാഴ്ച രാവിലെത്തെ തെളിഞ്ഞ കാലാവസ്ഥ കച്ചവടക്കാർക്ക് സഹായകരമായി. വൈകീട്ട് പെയ്ത കനത്തമഴ കച്ചവടത്തെ കാര്യമായി ബാധിച്ചതായി വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.