കോവിഡും ലോക്ഡൗണും: വെറ്റിലക്കർഷകർ ദുരിതത്തിൽ
text_fieldsചേർത്തല: ലോക്ഡൗൺ സാഹചര്യത്തിൽ കടകൾ തുറക്കാത്തതുമൂലം വെറ്റില വിൽക്കാനാകാതെ കർഷകർ. കേരളത്തിെൻറ പാരമ്പര്യകൃഷിയായ വെറ്റില കൃഷിചെയ്യുന്നവർക്ക് ഒരാനുകൂല്യവും നൽകുന്നില്ലെന്ന് പള്ളിപ്പുറം പഞ്ചായത്തിെൻറ ആദരവ് നേടിയ വെറ്റില കർഷകനായ ചേർത്തല തിരുനല്ലൂർ കൊടുന്തറയിൽ ഗോപിനാഥൻ പറഞ്ഞു.
ലക്ഷങ്ങൾ മുടക്കി കൃഷിചെയ്യുന്ന തനിക്ക് വെറ്റില നുള്ളി വിൽക്കാൻ സാഹചര്യമില്ല. വിൽക്കാൻ ഇടമില്ലാത്തതിനാൽ നട്ടുവളർത്തിയ വെറ്റില പഴുത്തുപോകുന്ന അവസ്ഥയാണ്.
മാസ്ക് ധരിക്കാതെ പൊതുനിരത്തിൽ ഇറങ്ങരുതെന്നും പൊതുവഴിയിൽ തുപ്പരുതെന്നുമുള്ള സർക്കാർ നിർദേശത്താൽ നാട്ടുംപുറത്തെ ചെറുകടകളിൽ പഴയപോലെ വെറ്റിലക്കൊപ്പം അടക്കയും പുകയിലയും ചുണ്ണാമ്പും ചേർത്ത് മുറുക്കാൻ എത്തുന്നവർ കുറഞ്ഞു. അതിനാൽ കച്ചവടക്കാർ വെറ്റില എടുക്കുന്നില്ല. കൂടാതെ വാഹന സൗകര്യത്തിെൻറ കുറവുമൂലം മറ്റ് സംസ്ഥാനത്തേക്കും ഔഷധനിർമാണത്തിനും വെറ്റില കയറ്റിയയക്കാൻ മൊത്തവ്യാപാരികൾ എത്താത്തതും കർഷകരെ കുഴക്കുന്നു. 15 വെറ്റില അടങ്ങുന്ന ഒരുകെട്ടിന് നാട്ടുംപുറത്തെ കടയിൽ 10 രൂപയാണ് ലഭിച്ചിരുന്നത്. എന്നാൽ, വൈക്കം മാർക്കറ്റിൽ 40 വെറ്റില അടങ്ങുന്ന കെട്ടിന് 50 രൂപ ലഭിച്ചിരുന്നു. മാസത്തിൽ മൂന്നുതവണയാണ് വെറ്റില നുള്ളിയെടുക്കുന്നത്. ഒരുതവണ 2000 രൂപയുടെ വെറ്റില വിൽക്കാനാകുമായിരുന്നു.
പണ്ട് വെറ്റിലക്കൃഷികൊണ്ട് മാത്രം ഉപജീവനം നടത്തിയിരുന്ന നിരവധി കർഷകരുണ്ടായിരുന്നു. മേയ്-ജൂൺ മാസങ്ങളിൽ കൃഷിയിറക്കുന്ന ഇടവക്കൊടി, ആഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ കൃഷിയിറക്കുന്ന തുലാക്കൊടി എന്നിങ്ങനെ രണ്ടുരീതിയിലുള്ള കൃഷിരീതിയാണ് കേരളത്തിലുള്ളത്. കാൽസ്യം ധാരാളം അടങ്ങിയ വെറ്റില നിരവധി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. കോവിഡ്കാലം ജീവിതം വഴിമുട്ടിച്ച വെറ്റില കർഷകരെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കർഷകർ പറയുന്നു.
വെറ്റിലക്കൊടി കയറ്റുന്നതിനുള്ള ഇരുമ്പിെൻറ ആംക്ലർ തയാറാക്കിയതുൾപ്പെടെ ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൃഷി ആരംഭിച്ചതെന്ന് ഗോപിനാഥൻ പറയുന്നു. കൃഷി ഓഫിസിൽനിന്ന് ഒരുസഹായവും ലഭിക്കുന്നില്ല. പള്ളിപ്പുറം പഞ്ചായത്തിൽ 26 വെറ്റില കർഷകർ ഉണ്ടെന്നാണ് കൃഷി ഓഫിസിൽനിന്ന് അറിഞ്ഞത്. എന്നാൽ, ആ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അധികപേർക്കും ഇപ്പോൾ കൃഷി ഇെല്ലന്നാണ് അേന്വഷണത്തിൽ മനസ്സിലായത്. ദുരിതത്തിലായ വെറ്റില കർഷകരെ സംരക്ഷിക്കാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.