ആലുപ്പുഴയിൽ കോവിഡ് ബാധിതർ ലക്ഷം കടന്നു: 2235 പുതിയ രോഗികൾ
text_fieldsആലപ്പുഴ: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷംകടന്നു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 1,01,909 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 87,574 പേർ രോഗമുക്തി നേടി. 454 പേർ മരണത്തിന് കീഴടങ്ങി. ബുധനാഴ്ച 2235 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ കണക്കാണ്.
ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.24 ശതമാനമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ടുപേര്‍ അന്തർ സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. 2226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ആറുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
697 പേരുടെ പരിശോധനഫലം നെഗറ്റിവായി. ഏഴുദിവസത്തെ കോവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ 200നു മുകളിലും 32 പഞ്ചായത്തുകളില്‍ നൂറിനു മുകളിലുമാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഈ മാസം 21 മുതല്‍ 27 വരെയുള്ള കണക്ക് പ്രകാരം ചെട്ടികുളങ്ങര (267), ചുനക്കര (227), നൂറനാട് (200), പാണാവള്ളി (226) എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചവര്‍ കൂടുതലുള്ളത്. ജില്ലയിലെ നഗരസഭകളിലും സ്ഥിതി സമാനമാണ്. ആലപ്പുഴ നഗരസഭയിലാണ് ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് -1394. ചെങ്ങന്നൂര്‍ -215, ചേര്‍ത്തല -274, കായംകുളം -277 എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴുദിവസങ്ങളില്‍ പോസിറ്റിവ് ആയവരുടെ കണക്ക്.
ജില്ലയില്‍ ഏറ്റവുമധികം കണ്ടെയ്ന്‍മെൻറ് സോണുള്ളത് പാണ്ടനാട് പഞ്ചായത്തിലാണ്. പഞ്ചായത്തിലെ 10 പ്രദേശങ്ങളാണ് നിലവില്‍ കണ്ടെയ്ന്‍മെൻറ് സോണിലുള്ളത്. അഞ്ചിന് മുകളില്‍ കണ്ടെയ്ന്‍മെൻറ് സോണുകളുള്ള ആറ് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ജില്ലയിലെ 35 പഞ്ചായത്തുകൾ കണ്ടെയ്ന്‍മെൻറ് സോണാണ്. ആലപ്പുഴ നഗരസഭയില്‍ അഞ്ചുപ്രദേശങ്ങളും കണ്ടെയ്ൻമെൻറ് സോണിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.